പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഭീഷണി മുഴക്കി നാലംഗ സംഘം
1576467
Thursday, July 17, 2025 4:37 AM IST
ഉദയംപേരൂർ: പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ നേരെ ഒരു സംഘം ആളുകൾ ഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയും ഒരു ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പരാതി. കഴിഞ്ഞ 12ന് വൈകിട്ട് നാലോടെയാണ് മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമുൾപ്പെട്ട സംഘം ആശുപത്രിയിൽ ബഹളമുണ്ടാക്കിയത്.
ഒരു ജീവനക്കാരന്റെ കൈ പിടിച്ച് തിരിക്കുകയും മൊബൈൽ തട്ടിത്തെറിപ്പിക്കുകയും ചെയ്തതായും പറയുന്നു. സംഭവം സംബന്ധിച്ച് അന്നുതന്നെ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടികളുമുണ്ടായിട്ടില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു.
ഡോക്ടർ ഇല്ലെന്ന കാരണം പറഞ്ഞാണ് സംഘം ബഹളം വയ്ക്കുകയും കൈയേറ്റം നടത്തുകയും ചെയ്തതെന്ന് ജീവനക്കാർ പറഞ്ഞു. സംഘത്തിലുള്ളവർ വനിതാ ജീവനക്കാർക്കു നേരെ തട്ടിക്കയറുന്നതുൾപ്പെടെ മൊബൈൽ ഫോണിൽ പകർത്തുമ്പോഴാണ് ജീവനക്കാരന് നേരെ കൈയേറ്റമുണ്ടായത്.
പ്രധാനമായും ഉച്ചവരെ ഒപി മാത്രം പ്രവർത്തിക്കുന്ന ആശുപത്രിയിൽ കിടത്തിച്ചികിത്സ പേരിന് മാത്രമേയുള്ളൂ.