ശുഭാംശുവുമായുള്ള സംവാദ ഓർമകൾ പങ്കുവച്ച് നീതു
1576470
Thursday, July 17, 2025 4:37 AM IST
കൊച്ചി: ആക്സിയം മിഷന് പൂര്‍ത്തിയാക്കി ഭാരതത്തിന്റെ അഭിമാനം ശുഭാംശു ശുക്ല മടങ്ങിയെത്തിയപ്പോള്‍ ഇങ്ങ് ആലുവയില്‍ നീതു നിര്‍മല്‍ ചെറുവത്തൂര്‍ എന്ന 10ാം ക്ലാസുകാരിക്ക് ഇത് അഭിമാന നിമിഷം. ബഹിരാകാശ നിലയത്തിലിരിക്കെ ശുഭാംശുവുമായി നേരിട്ട് സംവദിച്ച വിദ്യാര്‍ഥികളില്‍ ഒരാളാണ് ആലുവ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ നീതു. ആ അഭിമാന നിമിഷത്തെക്കുറിച്ച് നീതു പറയുന്നതിങ്ങനെ...
ജൂലൈ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഗാര്‍ഡനിലായിരുന്നു ആ അഭിമാന നിമിഷം. ഉച്ചയ്ക്ക് ഒന്നര മുതല്‍ ഇവിടെ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് ടെസ്റ്റ് കോള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടോടെ മൂന്ന് വലിയ സ്ക്രീനുകളിലായി ഇന്ത്യയുടെ അഭിമാനം ശുഭാം ശു ശുക്ലയെ ഞങ്ങള്‍ കണ്ടു.
ഭൂമിയില്‍ നിന്ന് 400 കി.മീ മുകളില്‍ ഒരു സെക്കന്‍ഡില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ കണ്ടപ്പോള്‍ വളരെയധികം സന്തോഷവും ആവേശവും തോന്നി. കുട്ടികളുടെ ചോദ്യങ്ങള്‍ വി എസ്എസ്സി സ്റ്റാഫ് റോബിന് സര് ആണ് ശുഭാംശു സാറിനോട് ചോദിച്ചത്.
മൈക്രോ ഗ്രാവിറ്റി ആയതിനാല്‍ ശരീരത്തിന്റെ ബലം കുറയാതെ നിലനിര്‍ത്താന്‍ എന്ത് എക്സര്‍സൈസ് ആണ് അവിടെ ചെയ്യുന്നത് എന്നായിരുന്നു ഞാന്‍ ചോദിച്ചത്. എയറോബിക് ബാന്‍ഡ് അദ്ദേഹം കാണിച്ചു തന്നു.
ട്രെഡ് മില്ലും സൈക്കിളിംഗും ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞു. അവിടെ ഉറങ്ങുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചപ്പോള്‍ ഫ്ലോട്ട് ചെയ്തു കാണിച്ചു. 15 മിനിറ്റ് നീണ്ടു നിന്ന സംവാദത്തില്‍ ശുഭാശുവിനോടുള്ള തന്റെ ചോദ്യത്തെക്കുറിച്ച് നീതു വാചാലയായി. സഹപാഠിയായ അന്ന റോസ് ടിജോ എന്ന കുട്ടിയും സംവാദത്തില്‍ പങ്കെടുത്തു.