കച്ചേരിത്താഴത്ത് പുതിയ പാലത്തിന്റെ സ്ഥലം ഏറ്റെടുപ്പിന് അനുമതിയായി
1576475
Thursday, July 17, 2025 4:37 AM IST
മൂവാറ്റുപുഴ : കച്ചേരിത്താഴത്ത് പുതിയ പാലം നിർമിക്കുന്നതിനു ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ. മാറാടി വില്ലേജിലെ 28.75 സെന്റ് സ്ഥലമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്നത്. രണ്ടു വരിയായി ഗതാഗതം സാധ്യമാക്കുന്ന രീതിയിലാണ് പാലം നിർമാണം.
കാൽനട യാത്രികർക്കായി നടപ്പാതയുമുണ്ടാകും. പാലം നിർമിക്കുന്നതിന് കിഫ്ബി സാന്പത്തികാനുമതി നൽകിയതോടെ പദ്ധതി ചെലവ് 53.66 കോടിയായി ഉയർന്നു. ഭാവി മൂവാറ്റുപുഴയുടെ വികസന സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് പദ്ധതി തയാറാക്കിയതെന്ന് എംഎൽഎ പറഞ്ഞു. നഗര വികസനത്തിന്റെ ഭാഗമായാണ് പുതിയ പാലവും നിർമിക്കുന്നത്.
വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നഗരറോഡുകൾ നാലുവരി പാതയായി മാറും. പുതിയ പാലം വരുന്നതോടെ മൂവാറ്റുപുഴയ്ക്ക് പുതിയ മുഖം കൈവരുമെന്നും ഗതാഗതക്കുരുക്കിൽ നിന്നും പൂർണമായും ശാപമോക്ഷം ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു.