അപകടങ്ങൾ തുടരുന്പോഴും നഗരത്തിൽ അലറിപ്പാഞ്ഞ് സ്വകാര്യ ബസുകൾ
1576472
Thursday, July 17, 2025 4:37 AM IST
വാഴക്കുളം: നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിൽ നിരന്തരം അപകടങ്ങൾക്ക് വഴിവയ്ക്കുന്പോഴും കാര്യമാക്കാതെ അലറിപ്പാഞ്ഞ് ബസുകൾ. തൊടുപുഴ, മുവാറ്റുപുഴ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ ടൗണിലേക്ക് പ്രവേശിക്കുന്നത് അമിത വേഗതയിലാണ്.
ശബ്ദം മുഴക്കി കാൽനടയാത്രക്കാരെയും റോഡിലുള്ള മറ്റു ചെറുവാഹന യാത്രികരെയും ബസിലെ യാത്രക്കാരെയും ഭയപ്പെടുത്തുന്ന വേഗതയിലാണ് മിക്ക ബസുകളുടേയും ടൗണ് പ്രവേശനം.
വീതി കുറഞ്ഞ വാഴക്കുളം ടൗണിൽ ഇരുവശത്തും വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ വാഹന പാർക്കിംഗും കൂടിയാകുന്പോൾ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നു. ചെറുവാഹനങ്ങളെ മറികടക്കാൻ എതിർവശത്തേക്ക് നീങ്ങുന്ന ബസുകൾ കാരണം തലനാരിഴക്കാണ് പല അപകടങ്ങളും ഒഴിവാകുന്നത്.
സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം നഗരത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അപകടങ്ങൾക്കിരയായ പലരും ഗുരുതരാവസ്ഥയിൽ ആശുപത്രികളിലും, പിന്നീട് വീടുകളിലും കഴിയുന്നുമുണ്ട്.
ഏറ്റവും ഒടുവിലെ ദുരന്തമാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ടൗണിന്റെ പടിഞ്ഞാറേ ഭാഗത്തുണ്ടായത്. അമിതവേഗതയിൽ ദിശതെറ്റിയെത്തിയ ബസിടിച്ച് ആവോലിയിൽ കേബിൾ ടിവി സ്ഥാപനം നടത്തുന്ന ബൈക്ക് യാത്രക്കാരനായ റോയിക്ക് ഗുരുതരമായി പരിക്കേറ്റത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ശേഷം ആവോലിക്കു മടങ്ങിയ റോയി അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ടൗണുകളിൽ അനുവദനീയമായ പരമാവധി വേഗതയായ 30 കിലോമീറ്റർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാഴക്കുളം ടൗണിൽ പ്രകടനം നടത്തി.
അമിതവേഗതയിൽ ടൗണിലേക്ക് പ്രവേശിക്കുന്ന ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, ടൗണിലെ സ്വകാര്യ ബസുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് അധികാരികൾക്കും ആർടിഒക്കും വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.