കച്ചേരിത്താഴത്ത് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു
1576477
Thursday, July 17, 2025 4:52 AM IST
മൂവാറ്റുപുഴ: യാത്രക്കാർക്ക് താത്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം ഒരുക്കി മർച്ചന്റ്സ് അസോസിയേഷൻ. കച്ചേരിത്താഴത്ത് നഗരസഭ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് കാത്തിരിപ്പു കേന്ദ്രം ഒരുക്കിയിത്. കാത്തിരിപ്പു കേന്ദ്രം ഒരുക്കാൻ ആരും തയാറാകാതെ വന്നതോടെയാണ് മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ കേന്ദ്രം നിർമിച്ച് നൽകിയതെന്ന് പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു.
റോഡ് നിർമാണം പൂർത്തിയാകും വരെ ബസ് കാത്തിരിപ്പു കേന്ദ്രം നിലനിർത്താനാണ് തീരുമാനം. നഗരവികസന നിർമാണ പ്രവർത്തനങ്ങൾ മൂലം നഗരത്തിൽ വ്യാപാരികൾ കച്ചവടമില്ലാതെ ദുരിതത്തിലാണ്. നൂറുകണക്കിന് കടകളാണ് പൂട്ടിപ്പോയത്.
ഒട്ടുമിക്ക കടകളും കച്ചവടമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വലിയ ദുരിതത്തിനിടയിലാണ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനമെടുത്തത്. ജനറൽ സെക്രട്ടറി കലൂർ ഗോപകുമാർ, പി.യു. ഷംസുദ്ദീൻ, ബോബി നെല്ലിക്കൽ, പി.എം.ടി. ഫൈസൽ, ബിജി സജീവ്, സലാം എവറസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.