യുവതിയടക്കം പിടിയിലായ ലഹരി കേസ് : ‘ലഹരി ജര്‍മന്‍ മേയ്ഡ്'
1576496
Thursday, July 17, 2025 5:04 AM IST
എവിടുന്ന്? എങ്ങനെ? പറയാതെ പ്രതികള്‍
കൊച്ചി: നഗരത്തില്‍ യുവതി അടക്കം നാലുപേര്‍ അറസ്റ്റിലായ ലഹരിക്കേസില്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തത് ‘ജര്‍മന്‍ മേയ്ഡ്' ലഹരി വസ്തുക്കളെന്ന് നര്‍ക്കോട്ടിക് വിഭാഗം. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതെങ്കിലും ഇതിന്റെ കൃത്യമായ ഉറവിടം എവിടെയാണെന്ന് പോലീസിനോടു പറയാന്‍ പ്രതികള്‍ തയാറായിട്ടില്ല.
കൊച്ചിയിലെത്തിച്ചിരുന്ന ലഹരിമരുന്ന് യുവാക്കള്‍ക്കിടയിലടക്കം വില്പന നടത്തിയിരുന്നു. ഇവരുടെ പക്കല്‍ നിന്ന് ലഹരി വാങ്ങിയവരെക്കുറിച്ചും കൊച്ചിയില്‍ ഇവരുടെ മറ്റ് പങ്കാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതുസംബന്ധിച്ച ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത പ്രതികളുടെ മൊബൈല്‍ ഫോണ്‍ അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം.
അറസ്റ്റിലായ മുഹമ്മദ് ഷാമില്‍ വഴിയാണ് ലഹരി വസ്തുക്കളെത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. എളംകുളത്തെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ 115 ഗ്രാം എംഡിഎംഎയും, ഉന്മാദമുണ്ടാക്കുന്ന 41 ഗുളികകളുമാണ് പിടികൂടിയത്.
സംഭവത്തില്‍ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷാമില്‍ (28), കോഴിക്കോട് ചേളന്നൂര്‍ ഇരുവള്ളൂര്‍ സ്വദേശി സി.പി. അബു ഷഹാമില് (28), മലപ്പുറം വലിയങ്ങാടി സ്വദേശി ഫല്ജാഷ് മുഹമ്മദ് അഫ്നാന്, (26), കോഴിക്കോട് ചേളന്നൂര്‍ സ്വദേശി എസ്.കെ. ദിയ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ലഹരി ബന്ധങ്ങടക്കം പരിശോധിക്കുന്നതിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
നിറമുള്ള ഗുളിക രൂപത്തിലുള്ളതാണ് ഉന്മാദ ഗുളിക (എക്സ്റ്റസി പില്‍സ്). തീവ്രശേഷിയുള്ള ലഹരിയാണിത്. എംബിഎ ബിരുദധാരിയായ ദിയ കൊച്ചിയില്‍ ജോലി ചെയ്യുകയാണ്. മറ്റൊരാള്‍ അക്കൗണ്ടന്റാണ്. ഒരാള്‍ പഠനത്തിനായി നഗരത്തിലെത്തിയതാണ്. ദുബായില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാമില്‍ ഒരു വര്‍ഷം മുമ്പാണ് കൊച്ചിയിലെത്തിയത്.