ജില്ലാ ആയുര്‍വേദ, ഹോമിയോ ആശുപത്രികൾക്ക് മികവിന്റെ പുരസ്കാരം
1576492
Thursday, July 17, 2025 5:04 AM IST
കൊച്ചി: സംസ്ഥാനത്തെ മികച്ച ആയുര്‍വേദ ആശുപത്രികള്‍ക്കും ഹോമിയോ ആശുപത്രികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രഥമ ആയുഷ് കായകല്‍പ്പ പുരസ്കാരങ്ങളിൽ എറണാകുളം ജില്ലാ ആയുര്‍വേദ, ഹോമിയോ ആശുപത്രികൾക്ക് തിളക്കം.
ജില്ലാ ആയുര്‍വേദ ആശുപത്രി ആയുര്‍വേദ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍, ഹോമിയോപ്പതി വിഭാഗത്തില്‍ ജില്ലാ ഹോമിയോ ആശുപത്രി രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള രണ്ട് ജില്ലാ ആശുപത്രികള്‍ക്ക് ഒരേ സമയം സംസ്ഥാന പുരസ്കാരങ്ങൾ ലഭിക്കുന്നത് ഇതാദ്യമായാണെന്നും, മികവാര്‍ന്ന സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണിതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിവര്‍ഷം മൂന്നുകോടി രൂപയിലധികം ചെലവഴിച്ച് അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം രോഗികള്‍ക്കാവശ്യമായ മരുന്നും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിരവധി സൂപ്പര്‍ സ്പെഷ്യലിറ്റി വിഭാഗങ്ങളിലായി നൂറുകണക്കിനാളുകളാണ് പ്രതിദിനം ചികിത്സയ്ക്കായി എത്തുന്നത്.
ജനറല്‍ വാര്‍ഡ്, പേ വാര്‍ഡ്, പേയിംഗ് വാര്‍ഡ് സൗകര്യങ്ങളോടെ ഐപി വിഭാഗത്തില്‍ 66 ബെഡ് സൗകര്യവും ആശുപത്രിയിലുണ്ട്. പ്രതിദിനം 500 ല്‍ അധികം ആളുകള്‍ ചികിത്സ തേടിയെത്തുന്ന ജില്ലാ ഹോമിയോ ആശുപത്രിയില്‍ 20 ഡോക്ടര്‍മാരും 35 ഓളം സ്റ്റാഫുകളുമുണ്ട്. ജനറല്‍ ഒപിയ്ക്ക് പുറമെ വന്ധ്യത ചികിത്സയ്ക്ക് മാത്രമായുള്ള പ്രത്യേക വിഭാഗമായ ജനനി, ജീവിതശൈലീ നിവാരണ ചികിത്സാ വിഭാഗം എന്നിവയുമുണ്ട്.
ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ഹോമിയോ ആശുപത്രിയിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയാഹ്ലാദം പങ്കുവച്ചു. മനോജ് മുത്തേടന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്മാന് എം.ജെ. ജോമി, സെക്രട്ടറി പി.എം. ഷെഫീക്ക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. പി. സലീം, ഡോ. മേഴ്സി ഗോണ്‍സാല്‍വസ്, ഡിപിഎം ഡോ. വി.പി. ജയകൃഷ്ണന്, ഡോ. എ. ഷമ്മി, ഡോ.എസ്. ശ്രീവിദ്യ, ഡോ. സിന്ധു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.