പള്ളുരുത്തിയിൽ പച്ചക്കറിക്കടയ്ക്ക് തീയിട്ടു
1577061
Saturday, July 19, 2025 4:11 AM IST
പള്ളുരുത്തി: കച്ചേരിപ്പടിയിൽ പച്ചക്കറിക്കട തീയിട്ടു നശിപ്പിച്ചു. പള്ളുരുത്തി ചൂളക്കൽ വീട്ടിൽ സിയാദിന്റെ കടയാണ് വ്യാഴാഴ്ച്ച പുലർച്ചെ ഒന്നോടെ തീയിട്ടു നശിപ്പിച്ചത്. ഒരു യുവാവ് കടയ്ക്ക് സമീപമെത്തി പെട്രോൾ ഒഴിച്ച് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കട കത്തിയ വിവരം സിയാദ് അറിയുന്നത്.
കട കത്തിയതിനെ തുടർന്ന് ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് പരാതി നൽകിയിട്ടും അക്രമിയെ അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. കട കത്തിയതിനെ തുടർന്ന് ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പ്രദേശത്ത് മയക്കുമരുന്ന് കച്ചവടക്കാരുടേയും ഉപയോഗിക്കുന്നവരുടേയും ശല്യം രൂക്ഷമായിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. രാത്രി കാലങ്ങളിൽ കച്ചേരിപ്പടി മാർക്കറ്റ്, ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറി വരുന്നത്.