ഇരുചക്ര വാഹനയാത്രികരെ വീഴ്ത്തി റോഡിലെ വെള്ളക്കെട്ട്
1576688
Friday, July 18, 2025 4:30 AM IST
തൃപ്പൂണിത്തുറ: റോഡിലെ വെള്ളക്കെട്ടും തകർച്ചയും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 43, 45 വാർഡുകളുടെ പൊതുറോഡായ മഞ്ഞേലിപ്പാടം-അന്തിമഹാകാളൻ റോഡിലെ നങ്ങേലിപ്പറമ്പ് ഭാഗത്താണ് വെള്ളക്കെട്ട് നാട്ടുകാർക്ക് ദുഷ്കരമായിരിക്കുന്നത്.
സ്കൂൾ കുട്ടികളുൾപ്പെടെ കാൽ നടയാത്രക്കാർ ഈ ഭാഗത്ത് കൂടി ഭയപ്പെട്ടാണ് കടന്നുപോകുന്നത്. വെള്ളക്കെട്ടിലെ കുഴി അറിയാതെ സ്കൂട്ടർ യാത്രക്കാരും സൈക്കിൾ യാത്രികരും വീണ് പരുക്ക് പറ്റുന്നത് നിത്യസംഭവമായിരിക്കുകയാണ്.
ഭവൻസ് സ്കൂളിലേയ്ക്കും കണിയാമ്പുഴ, വൈറ്റില ഹബ്ബിലേക്കും പോകുന്ന പ്രധാന റോഡായതിനാൽ ഈ വഴിയിലൂടെ ഒട്ടേറെ യാത്രക്കാരാണ് ദിനംപ്രതി യാത്ര ചെയ്യേണ്ടി വരുന്നത്.
ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.