‘ജോയ്'ഫുള്‍ ഫാമിലി
1576715
Friday, July 18, 2025 4:59 AM IST
മൂന്നു കുടുംബങ്ങള്‍ക്കു വീടു വയ്ക്കാന്‍ ഭൂമി പകുത്തു നല്കി
സിജോ പൈനാടത്ത്
കൊച്ചി: ‘നമ്മുടെ പരിസരങ്ങളില്‍ വീടില്ലാത്തവര്‍ക്ക് അതിനുള്ള സ്ഥലമെങ്കിലും കൊടുക്കണമെന്നത് അപ്പന്റെ ആഗ്രഹമായിരുന്നു. വലിയ സന്തോഷത്തോടെയാണ് ഞാന്‍ ഇതു മൂന്നു കുടുംബങ്ങള്‍ക്കായി നല്‍കുന്നത്.'
തന്റെ പേരിലുള്ള പതിനഞ്ചു സെന്റ് സ്ഥലം മൂന്നു നിര്‍ധന കുടുംബങ്ങള്‍ക്കായി പങ്കുവച്ചതിന്റെ രേഖകള്‍ കൈമാറിയപ്പോള്‍ കോതമംഗലം മാലിപ്പാറ സ്വദേശി ജോയ് പൈനാപ്പിള്ളിലിന്റെ മുഖത്തു സംതൃപ്തിയുടെ പുഞ്ചിരി വിടര്‍ന്നു. ഭാര്യ ലിസിയും മക്കളും ആ സന്തോഷം പങ്കുവച്ചു. ഉള്ളതു പങ്കുവയ്ക്കാനുള്ള കുടുംബത്തിന്റെ നല്ല തീരുമാനത്തിനു വികാരി ഫാ. ജോസ് കൂനാനിക്കലും സാക്ഷി.
കൃഷിക്കാരനായ ജോയി, വീട്ടില്‍ നിന്നു ഒരു കിലോമീറ്ററപ്പുറത്തു കുളങ്ങാട്ടുകുഴിയിലുള്ള തന്റെ ഭൂമിയാണ് മൂന്നു കുടുംബങ്ങള്‍ക്കായി പകുത്തു നല്‍കിയത്. മാതാപിതാക്കളായ മാത്യുവിന്റെയും അന്നംകുട്ടിയുടെയും ആഗ്രഹമാണ് പിതൃസ്വത്തായി കിട്ടിയ ഭൂമി സൗജന്യമായി നല്കാന് പ്രചോദനമായതെന്നു ജോയി പറയുന്നു.
ജാതി മതഭേദമന്യേ മൂന്നു കുടുംബങ്ങള്‍ക്കു ഭൂമി നല്‍കാനുള്ള ജോയിയുടെ തീരുമാനം വികാരി പള്ളിയില്‍ അറിയിച്ചിരുന്നു. ഇടവകയില്‍ നിന്നും പുറത്തും നിന്നു ഭൂമിക്കായി എത്തിയവരില്‍ നിന്ന് കൂടുതല്‍ അര്‍ഹതപ്പെട്ട മൂന്നു കുടുംബങ്ങളെ കണ്ടെത്തി ഭൂമി രജിസ്റ്റര്‍ ചെയ്തു നല്കി. ഇടവകാംഗത്തിനു പുറമേ, രണ്ടു ഹൈന്ദവ കുടുംബങ്ങളും ഭൂമി ലഭിച്ചവരിലുണ്ട്.
ജാതിയും മതവുമല്ല നോക്കിയത്, അര്‍ഹതപ്പെട്ടവര്‍ക്കു ഭൂമി കിട്ടണം എന്നതായിരുന്നു ആഗ്രഹം. ആ കുടുംബങ്ങള്‍ അവിടെ വീടുവച്ചു സന്തോഷമായി ജീവിക്കട്ടെ. മറ്റുള്ളവരുടെ സന്തോഷത്തിനു നമ്മള് കാരണക്കാരാകുന്നതാണല്ലൊ ജീവിതത്തിലെ സംതൃപ്തി- ജോയിയും ലിസിയും പറയുന്നു.
മക്കളായ അമല്‍, അനിത, അരുണ്‍ എന്നിവരും മാതാപിതാക്കളുടെ കാരുണ്യമനസിനു പൂര്‍ണപിന്തുണയുമായി ഒപ്പം.