ആലുവയിൽ വീണ്ടും പാർക്കിംഗ് തർക്കം: വനിതാ കൗൺസിലർ മർദിച്ചതായി പരാതി
1576710
Friday, July 18, 2025 4:59 AM IST
ആലുവ: യൂത്ത് കോൺഗ്രസ് നേതാവ് പാർക്കിംഗ് ഗ്രൗണ്ടിലെ സെക്യൂരിറ്റിയെ മർദിച്ച സംഭവത്തിന് പിന്നാലെ, പാർക്കിംഗിനെച്ചൊല്ലി മർദിച്ചതായി മുനിസിപ്പൽ വനിതാ കൗൺസിലർക്കെതിരെയും കേസ്. ആലുവ നഗരസഭാ ബിജെപി കൗൺസിലർ പ്രീത, ഭർത്താവ്, മകൻ എന്നിവർക്കെതിരെ കീഴ്മാട് സ്വദേശിനി അംബികയാണ് പരാതി നൽകിയിരിക്കുന്നത്.
കൗൺസിലറും ഭർത്താവും മകനും ചേർന്ന് ഭിന്നശേഷിക്കാരായ പെൺകുട്ടിയെയും മാതാപിതാക്കളെയും മർദിച്ചതായാണ് പരാതി. ആലുവ സീനത്ത് തിയറ്ററിനു സമീപമുള്ള അംബേദ്ക്കർ ഹാളിൽ പ്രാർഥനയ്ക്കെത്തിയവരുടെ വാഹനത്തിനു തടസമുണ്ടാക്കി കൗൺസിലറുടെ കാർ പാർക്ക് ചെയ്തു എന്നാരോപിച്ചാണ് തർക്കം തുടങ്ങിയത്.
പ്രീതയുടെ മകനുമായി ഉണ്ടായ തർക്കം പിന്നീട് പ്രീതയും ഭർത്താവും ഏറ്റെടുക്കുകയായിരുന്നു. അംബികയെ പ്രീതയും ഭർത്താവും മകനും ചേർന്ന് വണ്ടിയിൽ നിന്ന് വലിച്ചിറക്കി സ്പാനർകൊണ്ട് അടിച്ച് കൈ ഒടിച്ചതായും മർദിച്ചതായുമാണ് പരാതി. തർക്കത്തിനിടെ അംബികയ്ക്കുനേരെ പ്രീതയുടെ ഭർത്താവ് എറിഞ്ഞ കല്ല് പ്രീതയുടെ മകന്റെ തലയിൽതന്നെ കൊണ്ട് പരിക്കേറ്റെന്നും പറയുന്നുണ്ട്.
സംഭവത്തിൽ ഇരുകൂട്ടരുടെയും പരാതികളുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ബിജെപി നേതൃത്വവുമായി അകന്നിരിക്കുന്ന പ്രീത നിലവിൽ ഇടതുപക്ഷവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.