വടാട്ടുപാറയില്‍ പാലിയേറ്റീവ് സംഘം പുലിക്ക് മുന്നില്‍പ്പെട്ടു
1577052
Saturday, July 19, 2025 4:00 AM IST
കോതമംഗലം: വടാട്ടുപാറയില്‍ രോഗി പരിചരണം കഴിഞ്ഞ് മടങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടുന്ന പാലിയേറ്റീവ് സംഘം പുലിക്ക് മുന്നില്‍പ്പെട്ടു. വാഹനത്തിലായിരുന്ന സംഘം പുലിയെ കണ്ട് ഭയന്നുപോയി. റോഡ് കുറുകെ കടന്നു പോയ പുലി റോഡരികിലെ കുറ്റിക്കാട്ടില്‍ കിടന്നു. പുലിയുടെ ചിത്രം സംഘം മൊബൈലില്‍ പകർത്തി.
ഭൂതത്താന്‍കെട്ട് വടാട്ടുപാറ റോഡില്‍ തുണ്ടത്തില്‍ ജംങ്ഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി മരപ്പാലം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായിരുന്നു പുലി കിടന്നത്. എന്റെ നാട് പാലിയേറ്റീവ് സംഘത്തിലെ നീന ഏബ്രഹാമും വടാട്ടുപാറ സ്വദേശി ജോമോളും ഡ്രൈവര്‍ അജീഷുമാണ് ഇന്നലെ വൈകീട്ട് പുലിയെ കണ്ടത്. വിവരം അടുത്തുള്ള മരപ്പാലം സ്റ്റേഷനില്‍ അറിയിച്ചാണ് സംഘം പോയത്. തിരിച്ച് വരുമ്പോള്‍ പുലിയെ കണ്ടില്ല.
കഴിഞ്ഞ മാസം എട്ടിന് വടാട്ടുപാറ പലവന്‍പടി ഭാഗത്ത് ചിറ്റയം തോമസിന്റെ വീടിന് മുന്നില്‍ കെട്ടിയിട്ടിരുന്ന പട്ടിയെ പുലി പിടിച്ചിരുന്നു. മീരാസിറ്റി ഭാഗത്തും വീടിന് മുന്നില്‍ കെട്ടിയിട്ട പട്ടിയേയും പുലി കൊന്നിരുന്നു.
അതിന് ഏതാനും ദിവസം മുമ്പ തുണ്ടത്തില്‍ കവലക്ക് സമീപം ബസ് യാത്രക്കാരും പുലി റോഡരികില്‍ നില്‍ക്കുന്നത് കണ്ടിരുന്നു.വാഹനത്തിലായിരുന്നെങ്കിലും തൊട്ടടുത്ത് പുലിയെ കണ്ടപ്പോള്‍ പേടിച്ച് വിറച്ച്. കഴിഞ്ഞ മാസം പുലിയെ കണ്ട വീടുകളുടെ മുന്നില്‍ ക്യാമറ ട്രാപ്പ് സ്ഥാപിച്ചെങ്കിലും പുലി ചിത്രം പതിഞ്ഞിരുന്നില്ല.