ഓപ്പറേഷന് 'പൊതിച്ചോറ്': റെയില്‍വേയിലെ ഭക്ഷണത്തിലും അടുക്കളയിലും പരിശോധന
1576713
Friday, July 18, 2025 4:59 AM IST
കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകളിലും പാചകപ്പുരയിലും റെയില്‍വേ പോലീസ് പരിശോധന നടത്തി ഭക്ഷ്യ ഗുണനിലവാരം വിലയിരുത്തി. ഓപ്പറേഷന് പൊതിച്ചോറ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിൽ പരിശോധന നടത്തിയത്.
എറണാകുളം സൗത്തിൽ ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലും സ്റ്റേഷനിലെ അടുക്കളകളിലും ട്രെയിനുകളിലെ പാന്‍ട്രികളിലും എസ്ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുമായിരുന്ന പരിശോധന. റെയില്‍വേ സ്റ്റേഷനുകളിലെ അനധികൃത ഭക്ഷ്യവില്പന തടയല്‍, ഫുഡ് പ്ലാസകളിലും മറ്റും വില്‍ക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഇവയുടെ അടുക്കളകളിലെ വൃത്തി എന്നിവ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
വൃത്തിയില്ലേ; വിളിക്കാം പരാതിപ്പെടാം
റെയില്‍വേ സ്റ്റേഷനുകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വില്‍ക്കുന്നതോ, അനധികൃത ഭക്ഷ്യവില്പന നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്ക് 139, 112 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാം.