വീട്ടമ്മ ഭർതൃഗൃഹത്തിൽ തീകൊളുത്തി മരിച്ചനിലയിൽ
1265224
Sunday, February 5, 2023 11:25 PM IST
അന്തിക്കാട്: പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം സ്ത്രീയെ ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിത(45)യാണ് മരിച്ചത്. മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലാണ്.
കോഴിക്കോട് സ്വദേശിനിയാണ് മരിച്ച സ്മിത. എൽഎൽബിക്ക് പഠിക്കുന്ന മകളോടൊപ്പം ബംഗളൂരിലായിരുന്നു താമസം. ഒരാഴ്ച മുന്പ് നാട്ടിലെത്തി മകളെ കോഴിക്കോടുള്ള തറവാട്ടിൽ ആക്കിയശേഷം സ്മിത പഴുവിൽ ഉള്ള ഭർതൃഗൃഹത്തിൽ ആയിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്ന ഭർത്താവിന്റെ സഹോദരൻ തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. വീടിന്റെ മുകൾനിലയിൽ ബാത്ത് റൂമിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ബാത്ത്റൂമിന്റെ കതകുകളും കത്തി നശിച്ചിട്ടുണ്ട്.
ഈ സമയം ഭർത്താവ് ദീപു പുതുക്കാട്ടേക്ക് പോയിരിക്കുകയായിരുന്നു. നാട്ടിക ഫയർഫോഴ്സും അന്തിക്കാട് പോലീസും സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.