ലോക്കറിലെ സ്വർണം കാണാതായെന്ന് പരാതി
1337408
Friday, September 22, 2023 2:10 AM IST
കൊടുങ്ങല്ലൂർ: ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായി പരാതി. എടമുട്ടം നെടിയിരിപ്പിൽ സണ്ണിയുടെ ഭാര്യ സുനിത കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽനിന്നും അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങളാണ് കാണാതായത്.
സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ബാങ്കിൽ സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉള്ളത്.കഴിഞ്ഞവർഷം ഒക്ടോബറിലാണ് ആഭരണങ്ങൾ കൂടുതലായും ലോക്കറിൽ സൂക്ഷിച്ചതെന്ന് സുനിത പറഞ്ഞു. പിന്നീട് പലപ്പോഴായി വേറെയും ആഭരണങ്ങൾ ഇവിടെ സൂക്ഷിച്ചു.
ബാംഗ്ലൂരിൽ കുടുംബസമേതം താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽപെട്ടത്.തുടർന്ന് ഇവർ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകി.
ബാങ്ക് ലോക്കറിലെ സ്വർണം നഷ്ടപ്പെട്ടതായുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൗൺ ബാങ്ക് അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ലോക്കർ ഇടപാടുകാരന്റെ കൈവശവും മാസ്റ്റർ കീ ബാങ്കിലുമാണുണ്ടാകുക.
രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാകുകയുള്ളു. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.