കയ്പമംഗലം: കേരളം ഏറ്റെടുത്ത പുള്ളിമാൻമിഴി എന്ന ചിന്ത് പാട്ടിന്റെ രചയിതാവ് ഇ.എ. സുകുമാരൻ അന്തരിച്ചു. തീരദേശത്തെ നാടൻ കലാകാരനും എഴുത്തുകാരനുമായ ഇ.എ.എസ് പുതിയകാവിന്റെ സഹോദരനാണ് ചിന്തുപാട്ടുകാരനും എഴുത്തുകാരനുമായ എളനിക്കൽ സുകുമാരൻ.
ഈ അടുത്ത കാലങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പുള്ളിമാൻ മിഴി എന്ന ഗാനം 20 വർഷം മുമ്പാണ് സുകുമാരൻ എഴുതിയത്. കോട്ടായി കാരണവർ വനിതാ കാവടി ചിന്ത് സംഘത്തിലെ ഹൃദ്യ എന്ന ഗായിക ആലപിച്ച ഈ ഗാനം സന്ദീപ് പോത്താനി എന്ന യൂട്യൂബർ ആണ് വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലാകുകയും തുടർന്നുള്ള അന്വേഷണങ്ങൾ പാട്ട് എഴുതി സംഗീതം നൽകിയ ഇ.എ. സുകുമാരനെ ആദരിക്കുകയും ചെയ്തിരുന്നു. സംസ്കാരം നടത്തി. ഭാര്യമാർ: പരേതയായ ലളിത, പാർവതി. മക്കൾ: ലിനോജ്, സലിത, സുജിത, സജിത, സനൽകുമാർ, സോജിത.