മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1338425
Tuesday, September 26, 2023 1:11 AM IST
തൃശൂർ: ആംബുലൻസ് ലഭിക്കാത്തതിനാൽ യഥാസമയം ചികിത്സ ലഭിക്കാതെ പ്ലാന്റേഷൻ തൊഴിലാളിയുടെ ഭർത്താവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതിരപ്പള്ളി എസ്റ്റേറ്റിൽ ഒന്നാം ഡിവിഷനിൽ പ്ലാന്റേഷൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന താക്കോൽക്കാരൻ ഡേവിസാണ് ശനിയാഴ്ച രാത്രി മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ഡേവിസിനെ പ്ലാന്റേഷനിലുള്ള ആംബുലൻസ് കേടായതിനാൽ ആശുപത്രിയിൽ യഥാസമയം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് വെറ്റിലപാറയിലെ 108 ആംബുലൻസ് വിളിച്ചെങ്കിലും രാത്രിയിൽ സർവീസ് നടത്തില്ലെന്ന് പറഞ്ഞു. തുടർന്ന് വെറ്റിലപ്പാറയിൽ നിന്നും കാർ വരുത്തി രാത്രി 11.30 ന് ചാലക്കുടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെറ്റിലപ്പാറയിലെ 108 ആംബുലൻസ് 24 മണിക്കൂറും സർവീസ് നടത്തണമെന്ന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വന്യമൃഗ ആക്രമണം ഉണ്ടായാലും ചികിത്സ നൽകാതെ മാനേജ്മെന്റ് ഉത്തരവാദിത്യമില്ലായ്മ കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.