ഓട്ടത്തിനിടെ വാ​ഹ​ന​ത്തി​ന്‍റെ സ്റ്റി​യ​റിം​ഗി​ൽ പാ​മ്പ്
Tuesday, September 26, 2023 1:11 AM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത ന​ന്തി​ക്ക​ര​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ സ്റ്റി​യ​റിം​ഗി​ൽ പാ​മ്പി​നെ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കൊ​ര​ട്ടി​യി​ൽ​നി​ന്ന് ന​ട​ത്ത​റ​യി​ലേ​ക്ക് ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യ ഗു​ഡ്സ് വാ​ഹ​ന​ത്തി​നു​ള്ളി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​നു​ള്ളി​ൽ​നി​ന്ന് സ്റ്റീ​യ​റിം​ഗി​ലേ​ക്ക് എ​ത്തി​യ പാ​മ്പി​നെ ക​ണ്ട് ഡ്രൈ​വ​ർ ന​ന്തി​പു​ലം സ്വ​ദേ​ശി അ​നീ​ഷ് വാ​ഹ​നം ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

വെ​ള്ളി​ക്കു​ള​ങ്ങ​ര വ​നം​വ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ റെ​സ്ക്യൂ ടീ​മം​ഗം കൊ​ട​ക​ര സ്വ​ദേ​ശി ദി​ജി​ത്ത് ഏ​റെ​നേ​രം വാ​ഹ​നം പാ​ത​യോ​ര​ത്തേ​ക്ക് മാ​റ്റി​യി​ട്ട് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. കൊ​ര​ട്ടി​യി​ലെ ഗോ​ഡൗ​ണി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ ശ​നി​യാ​ഴ്ച നി​ർ​ത്തി​യി​ട്ട വാ​ഹ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് എ​ടു​ത്ത​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ലാ​കാം പാ​മ്പ് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​തെ​ന്ന് ക​രു​തു​ന്നു.