അധ്യാപകർ ചേരിതിരിഞ്ഞു: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
1338639
Wednesday, September 27, 2023 1:49 AM IST
തൃശൂർ: ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലിനെതിരേ അധ്യാപികമാർ സമർപ്പിച്ച പരാതിയിൽ ഹയർസെക്കൻഡറി വിഭാഗം ഉപമേധാവി നേരിട്ട് അന്വേഷണം നടത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ. എറണാകുളം ഉപമേധാവിക്കാണു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്.
തൃശൂർ പാടൂർ എഐ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികമാരായ പി.എം. സബൂറാ, ഇ.വി. നൗഷിയ എന്നിവർ നൽകിയ പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന സജ്ന ഹുസൈനെതിരെയാണു പരാതി.
സ്കൂളിലെ മുൻ പ്രിൻസിപ്പൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിനേടിയ കേസിൽ പിരിച്ചുവിട്ടതോടെയാണ് അധ്യാപകർക്ക് ഇടയിൽ ചേരിതിരിഞ്ഞ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഉപമേധാവി കമ്മീഷനെ അറിയിച്ചു.
ക്യത്യനിർവഹണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഇൻചാർജ് ആയിരുന്ന സജ്ന ഹുസൈൻ ചില രേഖകൾ പോലീസിനും ആർഡിഡി ഓഫീസിനും കൈമാറി. ഇതിൽ അധ്യാപകർക്കിടയിൽ സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടായി.
അനാവശ്യ ഭയമാണു പരാതിക്ക് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണു പരാതിക്കാരായ അധ്യാപകരെ നേരിൽകേട്ട് അന്വേഷണം നടത്താൻ കമ്മീഷൻ ഉത്തരവായത്. കേസ് 17നു പരിഗണിക്കും.