ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ തകർന്നു
1338660
Wednesday, September 27, 2023 2:03 AM IST
പുന്നംപറമ്പ്: ഇടിയും മിന്നലുമേറ്റ് വീടിന് നാശനഷ്ടം. തെക്കുംകര പഞ്ചായത്തിൽ ഊരോക്കാടിനു സമീപം കൊറ്റംകോട് വെള്ളാപ്പിളളിയിൽ വീട്ടിൽ പ്രസാദിന്റെ (47) വീടിനാണ് ഇടിമിന്നലിൽ നാശനഷ്ടം സംഭവിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. വീടിന്റെ ചുമരുകളും തറയും വിണ്ടു കീറി. അടുക്കളയോടു ചേർന്ന പുകക്കുഴൽ പൊട്ടിത്തകർന്നു. വൈദ്യുതി വയറുകളും സ്വിച്ച് ബോർഡുകളും കത്തി.
ഫാൻ, മിക്സി, ടി വി തുടങ്ങിയ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കും നാശം സംഭവിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. പ്രസാദ് ജോലിസംബന്ധമായി പുറത്തായിരുന്നു. ഭാര്യ നിഷയും മകളും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോയിരിക്കുകയായിരുന്നു.
ഇരുവരും തിരിച്ച് വീട്ടിൽ എത്തുമ്പോഴാണ് അപകടവിവരം അറിയുന്നത്. സംഭവം നടന്ന ഉടൻ വൈദ്യുതി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. രാധാകൃഷ്ണൻ സ്ഥലത്തെത്തിയിരുന്നു.