കൊരട്ടി പെരുമ്പിയിൽ ബസിനു പിറകിൽ കാറിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
1396028
Wednesday, February 28, 2024 1:01 AM IST
കൊരട്ടി: ദേശീയപാത കൊരട്ടി പെരുമ്പി ജംഗ്ഷനിൽ സ്വകാര്യ ബസിനു പിറകിൽ കാറിടിച്ചു. ബസിന്റെ പിൻഭാഗം ഭാഗികമായും കാറിന്റെ മുൻവശം പൂർണമായും തകർന്നു. യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.45നായിരുന്നു സംഭവം.
ചാലക്കുടിയിൽനിന്ന് അങ്കമാലി ഭാഗത്തേക്കു പോകുകയായിരുന്നു ഇരു വാഹനങ്ങളും. ദേശീയപാതയിൽ ആളെ ഇറക്കാൻ നിർത്തിയ ബസിനു പിന്നിൽ എംജി ഹെക്ടർ കാർ ഇടിച്ചുകയറുകയായിരുന്നു. പെരുമ്പിയിലെ ഉപറോഡിലൂടെ കടന്ന് കാത്തുനില്പുകേന്ദ്രത്തിൽ നിർത്തേണ്ടതിനു പകരം ദേശീയപാതയിൽ ബസ് നിർത്തിയതാണ് പിന്നിൽ കാർ ഇടിക്കാൻ കാരണമായതെന്നാണു പറയുന്നത്.
സമാനമായ രീതികളിൽതന്നെയാണു കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ചിറങ്ങരയിലും പൊങ്ങത്തും കൊരട്ടിയിലും മുരിങ്ങൂരിലും നിർത്തുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ ബസുകൾ സർവീസ് റോഡിലേക്ക് കടത്തി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാർ കൂട്ടാക്കുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്.