പ്രസിഡന്റ് ചുമതല പൂര്‍ത്തിയാക്കി; സന്ധ്യ ഇനി കിടപ്പുരോഗികളുടെ കൈപിടിക്കും
1428512
Tuesday, June 11, 2024 1:48 AM IST
ആളൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല പൂര്‍ത്തിയാക്കി ഇനി കിടപ്പുരോഗികളുടെ പരിചരണ രംഗത്തേക്കിറങ്ങുകയാണ് സന്ധ്യ നൈസണ്‍. മൂന്നു വര്‍ഷമായി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ തിരക്കുകളിലായിരുന്നു സന്ധ്യ. ഇന്നലെ കിടപ്പ് രോഗികളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന നിപ്മറിലെ പത്തു മാസത്തെ കെയര്‍ ഗിവിംഗ് കോഴ്സിന് ചേര്‍ന്നു.
മുന്‍പ് അഞ്ചു വര്‍ഷം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അതുള്‍പ്പെടെ എട്ടു വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പാലിയേറ്റിവ് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുത്ത് അനുഭവമുണ്ടെന്ന് സന്ധ്യ നൈസണ്‍ പറഞ്ഞു. പരിചരണം കിട്ടേണ്ടവരുടെ എണ്ണത്തിനനുസരിച്ച് പരിശീലനം നേടിയവരെ കിട്ടാത്തത് ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാകുന്നുണ്ട്. ചെറുപ്പം മുതലേ ഈ മേഖലയോട് താത്പര്യമുണ്ട്. 13 വര്‍ഷമായി ഭര്‍തൃമാതാവിനെ പരിചരിച്ചിരുന്നു. നിപ്മറിലെ പോലെ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ ശാസ്ത്രീയ പരിചരണം നടത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സന്ധ്യ നൈസണ്‍ പറഞ്ഞു. ജനസേവനരംഗത്തും സന്ധ്യ നൈസണ്‍ തുടരും.
ഡോക്ടര്‍മാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് ന്യുട്രീഷ്യനിസ്റ്റുകള് എന്നിവരുടെ നേതൃത്വത്തിലാണ് കോഴ്സ് നടക്കുകയെന്ന് നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു പറഞ്ഞു. ഇവിടുത്തെ പരിശീലനം കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ പെയിൻ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ യൂണിറ്റുകളില്‍ കൂടി വിപുലമായ പ്രായോഗിക പരിശീലനം നല്‍കും. കേരളത്തില്‍ ആദ്യമായാണ് രോഗീ പരിചരണത്തിനായി വിപുലവും ശാസ്ത്രീയവുമായ കോഴ്സ് ആരംഭിക്കുന്നതെന്നും, ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തും നാട്ടിലും മികച്ച തൊഴില്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.