നെല്ലിഗ്രാമം പദ്ധതിയുമായി ഊരകം ഗ്രാമസഭ
1428514
Tuesday, June 11, 2024 1:48 AM IST
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് ഊരകം ഈസ്റ്റ് 10-ാം വാര്‍ഡ് ഗ്രാമസഭ അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടുകൂടി നെല്ലി ഗ്രാമം പദ്ധതി ആരംഭിച്ചു. വാര്‍ഡിലെ ആവശ്യമുള്ള വീടുകളിലേക്ക് നെല്ലിത്തൈ എത്തിച്ചുകൊടുക്കുകയും പ്രായമായവര്‍ മാത്രമുള്ള വീടുകള്‍ ആണെങ്കില്‍ അവിടെ നട്ടുകൊടുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴിയായി മുഴുവന്‍ വീടുകളിലേക്കും പരിസ്ഥിതിയുടെ സന്ദേശം എത്തിക്കുകയും ഔഷധഫല സസ്യങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യാന്‍ സാധിക്കും.
നെല്ലി ഗ്രാമം പദ്ധതി ഊരകത്തെ മുതിര്‍ന്ന സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകനായ തോമസ് കൊടകരക്കാരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ . ചിറ്റിലപ്പിള്ളി മുഖ്യസന്ദേശം നല്കി. എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ ബാബു ചുക്കത്ത്, സുനിത വിജയൻ, അധ്യാപകരായ വി.വി. ശ്രീല , ആന്‍സി ആന്റോ, കെ.കെ. കൃഷ്ണന്‍നമ്പൂതിരി, സിന്റോ കൊടകരക്കാരന്‍, കെ.ടി. സിനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകളില്‍ നെല്ലി തൈ കൊടുക്കുന്ന പ്രവര്‍ത്തനത്തിനും തുടക്കംകുറിച്ചു. എന്‍എസ്എസ് വോളന്റിയര്‍മാരായ സി.ജി. ആര്യ, ശ്രീനന്ദ സുനില്‍, അഭിനവ് സന്നദ്ധ സംഘാംഗങ്ങളായ ടോജോ തൊമ്മാന, ആന്റോ ജോക്കി, ടി.സി. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.