അന്തിക്കാട്: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൂദാശ്ലീഹായുടെയും സംയുക്ത ഊട്ടുതിരുനാളിനു കൊടിയേറി. വികാരി ഫാ. ഡഗ്ളസ് പീറ്റർ കൊടിയേറ്റം നിർവഹിച്ചു. ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളും ഇന്ത്യൻ സ്വാതന്ത്ര്യദിനവുമായ 15 നാണ് ഊട്ടു തിരുനാളാഘോഷം.
തിരുനാൾവരെ നവനാൾ ദിനങ്ങളിൽ രാവിലെ 6.30 ന് തിരുനാളിനൊരുക്കമായുള്ള ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന തുടങ്ങിയ ശുശ്രൂഷകൾ നടക്കും. തിരുനാൾ തലേന്ന് വൈ കീട്ട് ആറിന് വിശുദ്ധരുടെ രൂപങ്ങൾ എഴുന്നള്ളിച്ച് പ്രതിഷ്ഠിക്കും. കൺവീനറും ട്രസ്റ്റിമാരുമായ ഇ.വി. ജോസ്, ഹൈസൻ ചാക്കോ, പി.ടി. ജോസഫ്, ട്രഷറർ ടി.എ. മിൽട്ടൻ, കെ.എ. ജോസഫ്, പിആർഒ സി.ടി. ജോയി തുടങ്ങിയവർ നേതൃത്വം നൽകി.