ഉത്തരവ് നടപ്പിലാക്കുന്നതിനു ഡോക്ടർമാരുടെ കുറവ് തടസം
1450669
Thursday, September 5, 2024 1:56 AM IST
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജുകളിൽ രാത്രിയിൽ പോസ്റ്റ്മോർട്ടം തുടങ്ങണമെന്ന സർക്കാർ ഉത്തരവ് തൃശൂരിൽ നടപ്പിലാക്കുന്നതിനു ഡോക്ടർമാരുടെ കുറവ് തടസമാകുന്നു. ആകെയുള്ള ഏഴു തസ്തികകളിൽ നാലെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. അനുബന്ധ ജീവനക്കാരുമില്ല.
അടിസ്ഥാന സൗകര്യങ്ങൾമാത്രമാണ് അനുകൂലമായിട്ടുള്ളത്. നിർദേശം അടിയന്തരമായി നടപ്പിലാക്കി സർക്കാരിനെ അറിയിക്കാനാണ് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ (ഡിഎംഇ) പ്രിൻസിപ്പലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഡോക്ടർമാർ ഇല്ലാത്തതിനാൽ പകൽപോലും പോസ്റ്റ്മോർട്ടം തടസപ്പെടുന്ന അവസ്ഥയാണുള്ളത്.
രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനുമുൻപ് കേരളത്തിൽ രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ചുകൊണ്ട് ഉത്തരവുണ്ടായിരുന്നു. അവയവദാനം കൂടുതൽ പ്രോത്സഹിപ്പിക്കുന്നതിനുവേണ്ടിയും മസ്തിഷ്കമരണം സംഭവിച്ചുവെന്നു കണ്ടെത്തിയാൽ അവയവദാനത്തിനുശേഷം പോസ്റ്റുമോർട്ടം നടത്താൻ സാധിക്കണമെന്നുമുള്ള നിലയ്ക്കായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരേ ഫോറൻസിക് വിഭാഗം ഡോക്ടർമാർ കോടതിയെ സമീപിച്ചതുമൂലം ഉത്തരവ് മരവിപ്പിച്ചു.
ആവശ്യമായ വെളിച്ചവും ജീവനക്കാരും ഇല്ലാതെ നിർദേശം നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു അന്ന്. എന്നാൽ, ഇപ്പോൾ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ധനസഹായങ്ങൾ അനുവദിക്കുകയും ചെയ്തുവെങ്കിലും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല.
നിലവിൽ ആത്മഹത്യ, കൊലപാതകം, പീഡനത്തെതുടർന്നുളള മരണം, ദുരൂഹസാഹചര്യത്തിലുള്ള മരണം, അഴുകിയ മൃതദേഹങ്ങൾ എന്നിങ്ങനെയുള്ള കേസുകൾ രാത്രികാലങ്ങളിൽ പോസ്റ്റുമോർട്ടം ചെയ്യാൻ സാധ്യമല്ല. ഇതിനു നേരത്തേ അനുമതിയും ഇല്ലായിരുന്നു. ഇതിൽ ചില മാറ്റങ്ങൾ നിലവിൽ വരുത്തിയിട്ടുണ്ട്. കൃത്യമായ പ്രകാശസംവിധാനങ്ങളൊരുക്കിമാത്രമേ പോസ്റ്റുമോർട്ടം ചെയ്യാവുവെന്നും അതും വീഡിയോകളിൽ പകർത്തണമെന്നുമാണ് പുതിയ മാറ്റം. മാറ്റം നടപ്പായാൽ രാത്രികാലത്തു പോസ്റ്റ്മോർട്ടം നടത്തി രാവിലെ നേരത്തേതന്നെ സംസ്കാരചടങ്ങുകൾ നടത്താനും സാധിക്കും.