മുണ്ടത്തിക്കോട്: വയനാടിനു കൈത്താങ്ങാവാൻ സോപ്പ് ചലഞ്ചുമായി മുണ്ടത്തിക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ.
വയനാടിനായി നാഷണൽ സർവീസ് സ്കീം നിർമിക്കുന്ന 150 വീടുകൾക്കായുള്ള ധനസമാഹരണാർഥം 2000 സോപ്പുകൾ വിപണനം ചെയ്യാൻ തയാറെടുക്കുകയാണ് സ്കൂളിലെ നൂറോളംവരുന്ന എൻഎസ്എസ് വോളന്റിയർമാർ. ഇതിനായി വിവിധ ചാലഞ്ചുകളാണ് ഇവർ ആസൂത്രണം ചെയ്യുന്നത്.
പദ്ധതിയുടെ ഉദ്ഘാടനവും, നഗരസഭയുടെ ഗ്രീൻ പ്രോട്ടോകോളിനു പിന്തുണയുമായി എൻഎസ്എസ് ഒരുക്കിയ പ്ലാസ്റ്റിക് കളക്ഷൻ ബിന്നിന്റെ സമർപ്പണവും നഗരസഭാ സെക്രട്ടറിയും ശുചിത്വ മിഷൻ തൃശൂർ ജില്ലാ കോഓർഡിനേറ്ററുമായ കെ.കെ. മനോജ് നിർവഹിച്ചു. കൗണ്‍സിലർ രമണി പ്രേമദാസൻ, പിടിഎ പ്രസിഡന്റ് കെ. ചന്ദ്രദാസ്, പ്രോഗ്രാം ഓഫീസർ ഡോ. രോഹിണി, പ്രിൻസിപ്പൽ ജി.പി. ശ്രേയസ്, രാജു മാരാത്ത്, കെ. ഗിരിജ, ഹരിരാജ് തുടങ്ങിയവർ പങ്കെടുത്തു.