തൃശൂർ: പരന്പരാഗതമായി ഏറ്റവും കൂടുതൽ കുമ്മാട്ടികൾ അണിനിരക്കുന്ന കേരളത്തിലെ ഏക കുമ്മാട്ടിമഹോത്സവമായ കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി കമ്മിറ്റിയുടെ കുമ്മാട്ടി മഹോത്സവം 17 നു ഗ്രാമവീഥികൾ കീഴടക്കും. കുമ്മാട്ടിയുടെ 76-ാം വാർഷികം ആഘോഷിക്കുന്ന ഇത്തവണ 51 കുമ്മാട്ടികൾ അണിനിരക്കുമെന്നു കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് അറിയിച്ചു.
പനംമുക്കുംപള്ളി ശാസ്താക്ഷേത്രത്തിൽ നടക്കുന്ന കുമ്മാട്ടിക്കളിക്കുശേഷം അന്പലനടയിൽ നാളികേരമുടച്ച് ആചാരാനുഷ്ഠാനങ്ങളോടെ ക്ഷേത്രാങ്കണത്തിൽനിന്നും കുമ്മാട്ടിക്കു തുടക്കംകുറിക്കും. നാഗസ്വരം, തെയ്യം, തിറ, തംബോലം, ചെട്ടിവാദ്യം, പ്രച്ഛന്നവേഷങ്ങൾ എന്നിവ അണിനിരക്കും. എസ്എൻഎ ഔഷധശാല വേട്ടയ്ക്കൊരുമകൻ ക്ഷേത്രപരിസരത്തുകൂടി സഞ്ചരിച്ച് തോപ്പ് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്ന കുമ്മാട്ടികൾ രാത്രി 7.30 നു ഘോഷയാത്രയോടെ തിരികെ ശാസ്താകോർണറിലെത്തി സമാപിക്കും.