ക്രൈസ്റ്റ് കോളജില്‍ അന്തര്‍ദേശീയ ഗണിതശാസ്ത്ര സമ്മേളനം മൂന്നുമുതല്‍ അഞ്ചുവരെ
1458064
Tuesday, October 1, 2024 7:22 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്ര വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷന്റെയും സഹകരണത്തോടെ ഒക്ടോബര്‍ മൂന്നുമുതല്‍ അഞ്ചുവരെ ഗ്രാഫ് തിയറിയും പ്രായോഗിക തലങ്ങളും എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ നടക്കും.
പ്രശസ്ത ഗണിതശാസ്ത്രജ്ഞനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷന് പ്രസിഡന്റും കുസാറ്റ് സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവിയുമായ ഡോ. എ. കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കും. സമ്മേളനത്തില്‍ അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനും ഗ്രാഫ് തിയറി ഗവേഷണത്തിനു സഹായകരമായ ഇന്‍ട്രൊഡക്ഷന്‍ ടു ഗ്രാഫ് തിയറി ഉള്‍പ്പടെയുള്ള ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡിബി വെസ്റ്റ്, ലൈന്‍ ഗ്രാഫ്സ് ആന്‍ഡ് ലൈന്‍ ഡയഗ്രാഫ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ജയ് ബേഗ, ദക്ഷിണാഫ്രിക്കയിലെ വിറ്റ്സ് വാട്ടര്സ്രന്ഡ് യൂണിവേഴ്സിറ്റിയിലെ പ്രഫ. യൂനിസ് എംഫെകോ ബന്ദ, യുഎഇ അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. ഐമാന് ബഡാവി എന്നിവര്‍ പ്രഭാഷണം നടത്തും.
ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രഫ. എം.കെ. സുദേവ്, ഉത്തര്‍പ്രദേശിലെ ശിവ് നാടാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. സത്യനാരായണന് റെഡി, കൊല്‍ക്കത്ത വിദ്യാസാഗര്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ഡോ. മധു മംഗള്പാല്, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷാഹുല്‍ഹമീദ്, എടത്വ സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. ഇന്ദുലാല്‍ കോഴിക്കോട് എന്‍ഐടിയിലെ അസോസിയേറ്റ് പ്രഫ. സുനില്‍ മാത്യു എന്നിവര്‍ പ്രഭാഷണം നടത്തും.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും ഈ അന്തര്‍ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. വി. സീന, കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ടി. ജോജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.