പേരാമ്പ്ര അടിപ്പാത നിര്‍മാണം: യാത്രാക്ലേശം പരിഹരിക്കണം
1458070
Tuesday, October 1, 2024 7:22 AM IST
കൊടകര: ജനങ്ങളുടെ വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവില്‍ ദേശീയപാത പേരാമ്പ്രയില്‍ അടിപ്പാത നിര്‍മാണം ആരംഭിച്ചു. ഏറെനാളായുള്ള ആവശ്യം പരിഗണിച്ച് അടിപ്പാത നിര്‍മാണം തുടങ്ങിയതില്‍ മേഖലയിലെ ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോഴും വേണ്ടത്ര മുന്നൊരുക്കങ്ങളും കൂടിയാലോചനകളും ഇല്ലാതെയാണു പണി തുടങ്ങിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ദേശീയപാതയിലെ പേരാമ്പ്ര പള്ളി ജംഗ്ഷനില്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് ഒന്നരപ്പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ദേശീയപാത വികസിപ്പിച്ച് നാലുവരിപ്പാതയാക്കി മാറ്റിയതോടെ ഈ ജംഗ്ഷനില്‍ റോഡ് മുറിച്ചുകടക്കാനാവാതെ ജനങ്ങള്‍ ദുരിതത്തിലയതിനെ തുടര്‍ന്നാണ് ഇവിടെ അടിപ്പാതക്കായി മുറവിളി ഉയര്‍ന്നത്.
ഗവ. ആയുര്‍വേദ ആശുപത്രിയിലേക്കും പ്രദേശത്തെ ആരാധനാലയങ്ങളിലേക്കും വരുന്ന പ്രായമായവര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടുള്ള നിരവധി മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 13 വര്‍ഷംമുമ്പ് പേരാമ്പ്ര പൗരസമിതി എന്ന പേരില്‍ നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവല്‍ക്കരിച്ച് അടിപ്പാതക്കായി സമരപരിപാടികള്‍ നടത്തിയിരുന്നു. മാറിമാറിവന്ന ജനപ്രതിനിധികള്‍ ഈ ആവശ്യം നേടിയെടുക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിപ്പോന്നിരുന്നു.
ഒടുവില്‍ അടിപ്പാതനിര്മാണത്തിന് അനുമതി ലഭിക്കുകയും പ്രാരംഭനടപടികള്‍ പൂര്‍ത്തീകരിച്ചു നാലുദിവസം മുമ്പ് പണികള്‍ ആരംഭിക്കുകയും ചെയ്തു. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുനേരിടാത്തവിധം പണികള്‍ നടത്തി ഒരുവര്‍ഷംകൊണ്ട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സ്ഥലം സന്ദര്‍ശിച്ച ബെന്നി ബഹനാന് എംപി പറഞ്ഞു.
പണികള്‍ പുരോഗമിക്കുന്നതിനാല്‍ ദേശീയപാതയുടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. ചാലക്കുടി ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങളെ ഗതാഗതക്കുരുക്ക് സാരമായി ബാധിക്കുന്നില്ലെങ്കിലും ചാലക്കുടിയില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഏറെ സമയമെടുത്താണ് ഇതുവഴി കടന്നുപോകുന്നത്.
നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടെ പ്രധാനപാത കുഴിച്ചതിനാല്‍ സര്‍വിസ് റോഡുവഴിയാണു വാഹനങ്ങള്‍ കടത്തിവിടുന്നത്. രാവിലേയും വൈകുന്നേരവും അവധിദിവസങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണു പേരാമ്പ്രയില്‍ അനുഭവപ്പെടുന്നത്. ആംബുലന്‍സ് പോലുള്ള വാഹനങ്ങളും ഈ കുരുക്കില്‍പ്പെടുന്നുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. ചാലക്കുടിയില്‍ നിന്നുവരുന്ന ദീര്‍ഘദൂര ബസുകളും ചരക്കുവാഹനങ്ങളും പോട്ടയില്‍നിന്ന് വാഴക്കുന്ന്, ആളൂര്‍, കൊടകര വഴി തിരിച്ചുവിട്ടാല്‍ ഈ പ്രശ്നം കുറേയൊക്കെ പരിഹരിക്കാനാവുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.