അധികൃതര്‍ കനിഞ്ഞില്ല; തുനിഞ്ഞിറങ്ങി കര്‍ഷകര്‍
1459546
Monday, October 7, 2024 7:14 AM IST
മാടായിക്കോണം: അധികൃതര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചതോടെ കര്‍ഷകര്‍ നേരിട്ടിറങ്ങി ചണ്ടി നീക്കി കോന്തിപുലം കനാലിലെ നീരൊഴുക്കു പുനഃസ്ഥാപിച്ചു. കോന്തിപുലം പാലത്തിനുതാഴെ കനാലില്‍ അടിഞ്ഞുകൂടിയ ചണ്ടിയും കുളവാഴകളുമാണു കര്‍ഷകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയത്. ചണ്ടിനിറഞ്ഞ് നീരൊഴുക്കു നിലച്ചതോടെ കൃഷി വൈകുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. ഇതു നീക്കിത്തരണമെന്നു ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതായി കര്‍ഷകര്‍ പറഞ്ഞു.
കഴിഞ്ഞ മാസങ്ങളില്‍ പെയ്ത മഴയില്‍ ജലനിരപ്പുയര്‍ന്നതോടെ മുരിയാട് കോള്‍മേഖലയിലെ പാടശേഖരങ്ങളോടു ചേര്‍ന്നുള്ള കുളങ്ങളില്‍നിന്നുള്ള ചണ്ടികളാണു കനാലിലേക്ക് ഒഴുകിയെത്തിയത്. വളരെ വീതിയുള്ള കെഎല്‍ഡിസി കനാല്‍പാലം നിര്‍മിക്കുന്നതിനായി കോന്തിപുലത്ത് കുപ്പിക്കഴുത്ത് പോലെ ചെറുതാക്കിയിരിക്കുകയാണെന്നു കര്‍ഷകര്‍ പറഞ്ഞു. ഈ ഭാഗത്താണ് ചണ്ടി അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരുന്നത്.
ചണ്ടി നിറഞ്ഞതോടെ കരുവന്നൂര്‍ പുഴയിലെ എല്ലാ ഷട്ടറുകളും തുറന്നിട്ടും മുരിയാട് കോള്‍ മേഖലയില്‍നിന്ന് വെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. മുരിയാട് കോള്‍ മേഖലയിലെ പല പാടശേഖരങ്ങളിലും കൃഷിയിറക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയതോടെ കനാലില്‍ വെള്ളം തടഞ്ഞുനില്ക്കുന്നതു ബുദ്ധിമുട്ടാകുമെന്ന കാരണത്താലാണു കര്‍ഷകര്‍ ചണ്ടി നീക്കാന്‍ രംഗത്തിറങ്ങിയത്.