അപകട, മരണ മുനന്പായി കരിങ്കയം ഫോറസ്റ്റ് ഓഫീസ് പ്രദേശം
1396012
Wednesday, February 28, 2024 12:32 AM IST
മംഗലംഡാം: പന്നി, മാൻ തുടങ്ങിയ കാട്ടുമൃഗങ്ങൾ റോഡിനു കുറുകെ ഓടിപ്പായുന്നതു മൂലം തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന കരിങ്കയം ഫോറസ്റ്റ് ഓഫീസ് ഭാഗത്ത് കമ്പിനെറ്റ് ഉപയോഗിച്ചുള്ള വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.
നൂറു മീറ്റർ ദൂരത്തിനിടക്കാണ് ഈയടുത്ത കാലത്തായി രണ്ട് അപകടങ്ങളിലായി രണ്ടുപേർ മരിച്ചതും പലരും അപകടത്തിൽപ്പെടുന്ന സംഭവങ്ങളുമുണ്ടാകുന്നത്.
റോഡിന്റെ ഒരു ഭാഗത്തുള്ള വനംവകുപ്പിന്റെ തേക്കുതോട്ടത്തിൽ നിന്നും പന്നിക്കൂട്ടങ്ങൾ എതിർ ഭാഗത്തെ സ്വകാര്യ തോട്ടങ്ങളിലേക്കു കടക്കുന്നതാണ് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നത്. ഈ ഭാഗത്ത് 150 മീറ്റർ ദൂരത്തെങ്കിലും നെറ്റ് പോലെയുള്ള കമ്പി സ്ഥാപിച്ച് കാട്ടുമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നതു തടയണമെന്നാണ് ആവശ്യം. കഴിഞ്ഞ ആഴ്ചയും ഇവിടെ മാൻ ചാടി ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഗൃഹനാഥനു സാരമായ പരിക്കേറ്റിരുന്നു. ഓടംതോട് നന്നങ്ങാടി കൊളത്തുപറമ്പിൽ പ്രമോദ് (45) നാണ് പരിക്കേറ്റത്. പ്രമോദ് ഇപ്പോഴും ചികിത്സയിലാണ്.
കരിങ്കയം, ഓടംതോട്,ചൂരുപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള ഏക റോഡിലാണ് കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നത്.
രാപ്പകൽ വ്യത്യാസമില്ലാതെയാണു പന്നികൾ തലങ്ങും വിലങ്ങും പായുന്നത്. വേനൽ കനക്കുന്നതോടെ മൃഗശല്യം ഇവിടെ കൂടുമെന്നു പരിസരവാസികൾ പറഞ്ഞു.