വടക്കഞ്ചേരി ടൗണിലെ ബസ്കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ശുദ്ധികലശം
1460059
Wednesday, October 9, 2024 8:57 AM IST
വടക്കഞ്ചേരി: കാലങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന വടക്കഞ്ചേരി ടൗണിലെ മന്ദത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉൾപ്പെടെ ശുചീകരണ പ്രവൃത്തികൾ തുടങ്ങി.
യാത്രക്കാരെ പടിക്കുപുറത്താക്കി വഴിയോരക്കച്ചവടക്കാർ തങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള സുരക്ഷിതകേന്ദ്രമായാണ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഉപയോഗിച്ചുവരുന്നത്. ടൗണിൽ അലഞ്ഞുനടക്കുന്നവരും ഇവിടെയാണ് കഴിയുന്നത്.
നേരത്തേ കെഎസ്ആർടിസി ബസുകളുടെ പഞ്ചിംഗ് സെന്ററായിരുന്നു മന്ദത്തെ കെട്ടിടം. ടൗൺവഴി പോയിരുന്ന കെഎസ്ആർടി ബസുകളിലെ കണ്ടക്ടർമാർ സമയം കുറിച്ചുവച്ചാണ് ഇതുവഴി കടന്നുപോയിരുന്നത്. ദീർഘദൂര ബസുകളും ഇവിടെ നിർത്തിയിരുന്നതിനാൽ യാത്രക്കാർക്കും സൗകര്യമായിരുന്നു.
ഇപ്പോൾ കെഎസ്ആർടിസി ബസുകൾ ഏതുവഴിക്കുവരും ഏതുവഴിക്കുപോകും എന്നുപറയാനാകാത്ത സ്ഥിതിയാണ്. മാലിന്യമുക്തം ജനകീയ കേരളം പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണത്തോടനുബന്ധിച്ചാണ് പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ക്ലീനിംഗ് വർക്കുകൾ നടക്കുന്നത്.
കിഴക്കഞ്ചേരി റോഡിലെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രവും ടിബി- ചെറുപുഷ്പം ജംഗ്ഷനുകളിലുള്ള മറ്റു രണ്ടു ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ശുദ്ധീകരണവും പുനർനിർമാണവും നടത്തേണ്ടതുണ്ട്.
പാലക്കാട് ഭാഗത്തേക്കുള്ള യാത്രക്കാർ നിൽക്കുന്ന കാത്തിരിപ്പു കേന്ദ്രത്തിലെ കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാൻ വൈകുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സ്ത്രീകളാണ് ഏറെ കഷ്ടപ്പെടുന്നത്. ലക്ഷങ്ങൾ ഏറെ ചെലവഴിച്ചു നിർമിച്ചിരുന്ന ഇ- ടോയ്ലറ്റുകൾ ഉപയോഗിക്കാനാകാതെ വന്നപ്പോൾ അതെല്ലാം പൊളിച്ചടക്കിയാണ് ഇപ്പോൾ സാധാരണ ടോയ്ലറ്റുകൾ നിർമിച്ചിട്ടുള്ളത്. മറുഭാഗത്ത് തൃശൂർ ഭാഗത്തെ യാത്രക്കാർ നിൽക്കുന്ന വെയ്റ്റിംഗ് ഷെഡ് ഏതുസമയവും തകർന്നു വീഴാമെന്ന നിലയിലാണ്.
സ്കൂൾകുട്ടികൾ ഉൾപ്പെടെ സ്കൂൾ സമയങ്ങളിൽ യാത്രക്കാർ കൂട്ടമായി നിൽക്കുന്ന വെയ്റ്റിംഗ് ഷെഡാണ് ഇത്തരത്തിൽ തകർന്നുനിൽക്കുന്നത്. തൂണുകൾ പൊട്ടി തൂങ്ങി നിൽക്കുകയാണ്.