നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച നാട്ടിലെത്തിച്ചേക്കും
Wednesday, January 22, 2020 12:23 AM IST
തിരുവനന്തപുരം: നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാൻ സർക്കാർ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വ്യാഴാഴ്ച മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മലയാളി വിനോദസഞ്ചാരികൾ നേപ്പാളിൽ മരിച്ചെന്ന വിവരമറിഞ്ഞ ഉടൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാന പോലീസ് മേധാവിയോട് നേപ്പാൾ പോലീസുമായി ബന്ധപ്പെടാനും ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി.
നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതിയും ഇന്ത്യയിൽനിന്നുള്ള ഒരു ഡോക്ടറും കാഠ്മണ്ടുവിലെ ആശുപത്രിയിലുണ്ട്. മൃതദേഹങ്ങൾ ഇന്ന് ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായി മന്ത്രി കടകംപള്ളി ഫോണിൽ സംസാരിച്ചിരുന്നു.
നേപ്പാൾ പോലീസിന്റെ സഹായം തേടി
തിരുവനന്തപുരം: നേപ്പാളിൽ മരണമടഞ്ഞ മലയാളികളായ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിന് നേപ്പാൾ പോലീസ് അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേപ്പാൾ പോലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് നേപ്പാൾ പോലീസിന്റെ സഹായം തേടിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരികയാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.