വന്യജീവി ആക്രമണം: നടപടിയെടുക്കേണ്ടത് സംസ്ഥാനം: കേന്ദ്രമന്ത്രി
Friday, February 23, 2024 4:08 AM IST
അജിത് മാത്യു
കൽപ്പറ്റ: ആക്രമണസ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാൻ നിയമ ഭേദഗതി ആവശ്യമില്ലെന്നും അക്കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇപ്പോൾത്തന്നെ അധികാരമുണ്ടെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്.
സംസ്ഥാനമാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു. വയനാട് കളക്ടറേറ്റ് മിനി കോണ്ഫറൻസ് ഹാളിൽ ഉന്നതതല യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. കൂടുതൽ തുക വേണമെങ്കിൽ സംസ്ഥാനത്തിനു നൽകാം. 2022-23 സാന്പത്തികവർഷം 15.8 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാന സർക്കാരുകളുടെ യോജിച്ച പ്രവർത്തനത്തിനു നടപടി സ്വീകരിക്കും.
മൂന്നു സംസ്ഥാനങ്ങളും യോജിച്ച് ആനത്താരകൾ അടയാളപ്പെടുത്തും. മനുഷ്യ-വന്യമൃഗ സംരക്ഷണം സംബന്ധിച്ച് പഠനത്തിനു കോയന്പത്തൂർ സലീം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തും. മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ പ്രധാനമാണ്.
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങിയാൽ അവയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകാൻ റേഡിയോ, കമ്യൂണിറ്റി റേഡിയോ, നവമാധ്യമ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നറിയിപ്പ് സംവിധാനങ്ങൾ ഉറപ്പാക്കണം. വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലുള്ളവർക്ക് വന്യജീവി ആക്രമണം നേരിടാൻ പരിശീലനം നൽകണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം നൽകിയത് 80 ലക്ഷം മാത്രം: മന്ത്രി ശശീന്ദ്രൻ
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് കോന്പൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് (കാന്പാ) ഉപയോഗിക്കാൻ വ്യവസ്ഥയില്ലെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ.
വന്യജീവി ആക്രമണത്തിനിരയാകുന്നവർക്ക് കാന്പാ ഫണ്ട് ഉപയോഗിക്കാമെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രസ്താവനയ്ക്കെതിരേയാണ് മന്ത്രി ശശീന്ദ്രൻ രംഗത്തെത്തിയത്.
നഷ്ടപരിഹാരം ഉൾപ്പെടെ 15.8 കോടി രൂപ സംസ്ഥാന സർക്കാരിന് അനുവദിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗർ, ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫോർ വൈൽഡ് ലൈഫ് ഹാബിറ്റേറ്റ് തുടങ്ങിയ 8 സ്കീമുകളിലായി വിവിധ ഉപശീർഷകങ്ങൾക്കു കീഴിൽ 12.73 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതിൽ 80 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം നൽകുന്നതിലേക്കായി കേന്ദ്രസർക്കാർ അനുവദിച്ചത്.
ഇതിൽ 7.20 ലക്ഷം രൂപ മാത്രമാണ് വയനാട് ജില്ലയ്ക്കായി കേന്ദ്രവിഹിതത്തിൽ നിന്നു ലഭ്യമായത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകുന്നതിനായി ഈ വർഷം തുക അനുവദിച്ചത്.
കേന്ദ്ര വന്യജീവി സംരക്ഷണ ക്രിമിനൽ നടപടി ക്രമത്തിലെ (സിആർപിസി) 133-ാം വകുപ്പു പ്രകാരം ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അധികാരമുണ്ടോ എന്ന് പരിശോധിച്ചതിൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രമേ വന്യജീവിയെ കൊല്ലാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 11 അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.