മോട്ടോർ വാഹന, ആരോഗ്യ മേഖലകളിൽ ഫീസ് വർധന
Saturday, July 13, 2024 1:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ വർധിപ്പിക്കാനുള്ള നിർദേശം ജനങ്ങൾക്കു കനത്ത ഇരുട്ടടിയാകും.
സർക്കാരിന്റെ സേവന മേഖലകളിലെ നിരക്കുകൾ കാലോചിതമായി ഉയർത്തി വകുപ്പു സെക്രട്ടറിമാർ ഉത്തരവിറക്കാനാണു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
പ്രധാനമായി മോട്ടോർ വാഹന, ആരോഗ്യ മേഖലകളിലെ നിരക്കുകളാകും വർധിപ്പിക്കുക. രജിസ്ട്രേഷൻ, റവന്യു തുടങ്ങിയ മേഖലകളിലും നിരക്കു വർധന വരും.
സേവന മേഖലയിലെ നിരക്കുകൾ എത്രത്തോളം പരിഷ്കരിച്ചാലും 200- 250 കോടിയോളം രൂപയുടെ അധികവരുമാനം കണ്ടെത്താൻ മാത്രമേ സംസ്ഥാനത്തിനു കഴിയൂ എന്നാണു ധനവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. രജിസ്ട്രേഷൻ ഫീസുകൾ നേരത്തേ വർധിപ്പിച്ചപ്പോൾ ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ വൻ കുറവുണ്ടായതായാണു കണ്ടത്.
എന്നാൽ, ബജറ്റിനു പുറത്ത് ഇനി നടപ്പാക്കാൻ മന്ത്രിസഭ നിർദേശിച്ച നിരക്കുവർധനകൾ വരുന്ന തദ്ദേശ സ്ഥാപന, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി മറികടക്കാനും വരുമാനവർധനയ്ക്കുമായാണ് സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ ഉയർത്താൻ സെക്രട്ടറിമാർക്ക് അധികാരം നൽകിയത്.
ഏതൊക്കെ ഫീസുകൾ വർധിപ്പിക്കാം എന്നതു സംബന്ധിച്ച ശിപാർശകൾ വകുപ്പ് സെക്രട്ടറിമാർ തയാറാക്കി ജൂലൈ 26നകം ഉത്തരവ് ഇറക്കണമെന്നാണു നിർദേശം.
കഴിഞ്ഞ ദിവസം രാത്രി ചേർന്ന മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നിരക്കുകൾ ഉയർത്തുന്നതിനുള്ള അജൻഡ അവതരിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനകം നിരക്കുകൾ വർധിപ്പിച്ച സ്ഥലങ്ങളിൽ നിരക്ക് കൂട്ടില്ല. വിദ്യാർഥികൾ, പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് നിരക്കു വർധന ബാധകമാകില്ല.
സെക്രട്ടറിമാരുടെ നിർദേശങ്ങൾ പരിശോധിച്ചാകും നടപ്പാക്കുക. മദ്യത്തിന് വില ഉയർത്തുകയും പെട്രോൾ, ഡീസലിന് കൂടുതൽ തുക സെസ് ഏർപ്പെടുത്തുകയും ലോട്ടറിവില ഉയർത്തുകയും വഴി മാത്രമേ ആയിരക്കണക്കിന് കോടിയുടെ വരുമാനവർധന സാധ്യമാകൂ.
മദ്യത്തിന് ഇപ്പോൾത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിയാണ് കേരളത്തിൽ വാങ്ങുന്നതെന്ന പരാതിയുണ്ട്. പെട്രോൾ, ഡീസൽ സെസ് നേരത്തേ രണ്ടു രൂപ വീതം അധികമായി ഈടാക്കാൻ തീരുമാനിച്ചപ്പോൾ വൻ വിവാദം ഉയർന്നിരുന്നു. ഇതിനാൽ ഇവയിലൊന്നും തൊടാതെയുള്ള വർധനയാകും നടപ്പാക്കുക.