ഭീകരർ നുഴഞ്ഞുകയറിയെന്നു റിപ്പോർട്ട്; കനത്ത ജാഗ്രത
Friday, August 29, 2025 1:15 AM IST
പാറ്റ്ന: പാക്കിസ്ഥാൻ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ബിഹാറില്‍ കനത്ത ജാഗ്രതാ നിർദേശം.
ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരായ ഹസ്നൈന് അലി, ആദില്‍ ഹുസൈന്, മുഹമ്മദ് ഉസ്മാന് എന്നിവരാണ് ബിഹാറില്‍ എത്തിയതായി സംശയിക്കുന്നത്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബിഹാര്‍ ഡിജിപി വിനയ്കുമാര്‍ പറഞ്ഞു.
ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഭീകരര്‍ ബിഹാറിലേക്കു നുഴഞ്ഞുകയറിയത്. ഭീകരരുടെ പേരുവിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, പാസ്പോര്‍ട്ട് വിവരങ്ങൾ എന്നിവ ചമ്പാരന്‍ ജില്ലാ പോലീസ് അതിര്‍ത്തി ജില്ലകളിലേക്കു കൈമാറിയിട്ടുണ്ട്.
മുന്‍കരുതല്‍ നടപടിയായി രാജ്ഗിര്‍, ബോധ്ഗയ, പാറ്റ്ന തുടങ്ങി നിരവധി സ്ഥലങ്ങളിലെ സുപ്രധാന സ്ഥാപനങ്ങളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.