തായ് പ്രധാനമന്ത്രിയെ കോടതി പുറത്താക്കി
Saturday, August 30, 2025 1:34 AM IST
ബാങ്കോക്ക്: തായ്ലൻഡിലെ യുവ വനിതാ പ്രധാനമന്ത്രി പേതോംഗ്താൻ ഷിനവത്രയെ പുറത്താക്കി ഭരണഘടനാ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ പ്രധാനമന്ത്രിപദത്തിൽനിന്നു സസ്പെൻഡ് ചെയ്ത നടപടി ഡിസ്മിസൽ ആക്കി മാറ്റുകയാണ് ഇന്നലെ കോടതി ചെയ്തത്.
അതിർത്തിത്തർക്കം പരിഹരിക്കാൻ കംബോഡിയയിലെ രാഷ്ട്രീയാതികായൻ ഹൺ സെന്നുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതാണു പേതോംഗ്താനിനു വിനയായത്. ജൂണിലെ സംഭാഷണത്തിൽ ഹൺ സെന്നിന്റെ കാലുപിടിക്കുന്ന രീതിയിലായിരുന്നു പേതോംഗ്താൻ സംസാരിച്ചത്.
കംബോഡിയയിലെ മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ പിതാവുമായ ഹൺ സെൻതന്നെയാണ് ഫോൺ സംഭാഷണം ചോർത്തിയത്. ഹൺ സെന്നിനെ പോതോംഗ്താൻ ഷിനവത്ര ‘അങ്കിൾ’ എന്നു വിളിക്കുകയും സ്വന്തം രാജ്യത്തെ സേനയ്ക്ക് അപകീർത്തിയുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തു.
ധാർമികത ലംഘിച്ചുവെന്നു കണ്ടെത്തിയതിനാലാണു പേതോംഗ്താൻ ഷിനവത്രയെ പുറത്താക്കുന്നതെന്ന് ഭരണഘടനാ കോടതി ഇന്നലെ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് കംബോഡിയൻ അനുകൂല മനോഭാവമുണ്ടെന്നു തോന്നിക്കുന്നതായിരുന്നു സംഭാഷണമെന്നും ചൂണ്ടിക്കാട്ടി.
അക്രമരഹിത മാർഗത്തിലൂടെ സമാധാനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഫോൺ സംഭാഷണമെന്ന പേതോംഗ്താൻ ഷിനവത്രയുടെ വാദം കോടതി അംഗീകരിച്ചില്ല. കോടതിവിധി അംഗീകരിക്കുന്നതായി പേതോംഗ്താൻ പിന്നീട് പറഞ്ഞു.
17 വർഷത്തിനിടെ ഭരണഘടനാ കോടതി പുറത്താക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് 39 വയസുള്ള പേതോംഗ്താൻ. ഒരു വർഷം മുന്പ് ഇതേ ഭരണഘടനാ കോടതി മുൻ പ്രധാനമന്ത്രി ശ്രത്താ താവിസിനിനെ പുറത്താക്കിയപ്പോഴാണ് പേതോംഗ്താനിനു നറുക്കു വീണത്.
പേതോംഗ്താൻ പുറത്തായത് തായ്ലൻഡിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ഷിനവത്ര കുടുംബത്തിനു തിരിച്ചടിയാണ്. പേതോംഗ്താനിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ താക്സിൻ ഷിനവത്രയെ 2006ൽ പട്ടാളം പുറത്താക്കുകയായിരുന്നു. താക്സിന്റെ സഹോദരി യിംഗ്ലക് ഷിനവത്രയെ 2014ൽ ഭരണഘടനാ കോടതി പ്രധാനമന്ത്രിപദത്തിൽനിന്ന് നീക്കംചെയ്തിരുന്നു.