റിക്കാര്‍ഡ് അനാമിക
Monday, October 13, 2025 11:42 PM IST
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാംദിനമായ ഇന്നലെ കേരളത്തിനായി റിക്കാര്‍ഡ് സ്വര്‍ണം സ്വന്തമാക്കി അനാമിക അജേഷ്.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ പെന്റാത്തലണില്‍ 4096 പോയിന്റോടെ മീറ്റ് റിക്കാര്‍ഡ് കുറിച്ചാണ് അനാമികയുടെ സുവര്‍ണനേട്ടം.
തമിഴ്നാടിന്റെ സാത്വിക ശക്തിവേലിന്റെ പേരിലുണ്ടായിരുന്ന 3884 പോയിന്റ് എന്ന റിക്കാര്‍ഡാണ് അനാമിക തിരുത്തിയത്. മത്സരരംഗത്തുണ്ടായിരുന്ന സാത്വികയ്ക്ക് (3883) വെങ്കലംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്നാടിന്റെ പ്രേമ വെങ്കിടേശിനാണ് (3935) വെള്ളി.
വെള്ളി, വെങ്കലം
നാലാംദിനം ട്രാക്കിലും ഫീല്‍ഡിലുമായി രണ്ട് വെള്ളിയും രണ്ടു വെങ്കലവുംകൂടി കേരള താരങ്ങള്‍ സ്വന്തമാക്കി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ 1:50.47 സെക്കന്‍ഡുമായി ജെ. ബിജോയ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വി.എസ്. അനുപ്രിയ എന്നിവരാണ് ഇന്നലെ വെള്ളി മെഡല്‍ നേടിയത്. 14.49 മീറ്റര്‍ കണ്ടെത്തിയാണ് അനുപ്രിയയുടെ വെള്ളി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപില്‍ 15.23 മീറ്റര്‍ ക്ലിയര്‍ ചെയ്ത് എസ്. സജല്ഖാനും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.66 മീറ്റര്‍ ചാടി കെ.എ. അഖിലമോളും വെങ്കലം സ്വന്തമാക്കി.