രഞ്ജി ട്രോഫി 2025-26 സീസണ് ഇന്നു മുതല്‍
Monday, October 13, 2025 11:42 PM IST
രഞ്ജി ട്രോഫി ക്രിക്കറ്റ് 2025-26 സീസണിന് ഇന്നു തുടക്കം. നിലവിലെ ഫൈനലിസ്റ്റുകളായ കേരളം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ നേരിടും. രാവിലെ 9.30 മുതലാണ് മത്സരം.
2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ് മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്റെ പ്ലസ് പോയിന്റുകള്‍. മത്സരം ജിയോഹോട്ട്സ്റ്റാറില്‍ തത്സമയം.
നല്ലോര്മകള്
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയതിന്റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.
കരുത്തുറ്റ സംഘം
കഴിഞ്ഞതവണ ഫൈനല്‍വരെയെത്തിയ കളിക്കാരില്‍ ഭൂരിഭാഗം പേരും ഇത്തവണയുമുണ്ട്. ബാറ്റിംഗ് നിരയില്‍ സഞ്ജുവിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഏതാനും മത്സരങ്ങളില്‍ മാത്രമേ സഞ്ജു ഇറങ്ങിയുള്ളൂ.
കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്കോററായ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം മധ്യനിരയുടെ കരുത്തായി സച്ചിന് ബേബിയും സല്മാന് നിസാറുമുണ്ട്. രോഹന് കുന്നുമ്മല്‍, അഹ്മദ് ഇമ്രാന്, വത്സല്‍ ഗോവിന്ദ് എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് കരുത്ത്.
എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം തുടങ്ങിയവരാണ് ബൗളിങ് നിരയിലുള്ളത്. ഒപ്പം മറുനാടന്‍ താരങ്ങളായി ബാബ അപരാജിത്തും അങ്കിത് ശര്‍മയും. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ബാബ അപരാജിത്.
പൃഥ്വി, ഋതുരാജ്, ജലജ്
പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, കഴിഞ്ഞ സീസണില്‍ കേരളത്തിനൊപ്പം ഉണ്ടായിരുന്ന ജലജ് സക്സേന തുടങ്ങിയവര്‍ അണിനിരക്കുന്ന ടീമാണ് മാഹാരാഷ്ട്ര. അങ്കിത് ബാവ്നയാണ് ക്യാപ്റ്റന്‍. പരിശീലന മത്സരത്തില്‍ മുംബൈക്കെതിരേ പൃഥ്വി ഷാ സെഞ്ചുറി നേടിയിരുന്നു.
പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിങ്ങനെ നീളുന്ന കരുത്തുറ്റ ടീമുകള്‍ക്ക് ഒപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം. ആകെയുള്ള ഏഴ് മത്സരങ്ങളില്‍ നാലെണം കേരളത്തില്‍ വച്ചാണെന്നതു ടീമിനു ഗുണകരമാണ്. പഞ്ചാബ്, മധ്യപ്രദേശേ്, ഗോവ ടീമുകളുമായാണ് കേരളത്തിന്റെ എവേ മത്സരങ്ങള്‍.
കേരള ടീം: മുഹമ്മദ് അസ്ഹറുദ്ദീന് (ക്യാപ്റ്റന്‍), ബാബ അപരാജിത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസന്, രോഹന് എസ്. കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, അക്ഷയ് ചന്ദ്രന്, സച്ചിന് ബേബി, സല്മാന് നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്, ഷോണ്‍ റോജര്‍, അഭിഷേക് പി. നായര്‍.
ചരിത്രം കുറിച്ച് വൈഭവ്

പാറ്റ്ന: റിക്കാര്‍ഡുകളില്‍നിന്ന് റിക്കാര്‍ഡുകളിലേക്കു കുതിച്ച് കൗമാര ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവംശി. ഐപിഎല്‍ ട്വന്റി-20 ടീം കരാറില്‍ എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ (13) താരം, പ്രഫഷണല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ചുറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ (14) കളിക്കാരന് തുടങ്ങിയ റിക്കാര്‍ഡുകളുടെ ഉടമയായ 14കാരന് സൂര്യവംശിയെ 2025-26 സീസണ് രഞ്ജി ട്രോഫിക്കുള്ള ബിഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കി. ഇതോടെ രഞ്ജി ട്രോഫി ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡും സൂര്യവംശിക്കു സ്വന്തം.
നാളെ അരുണാചല്‍പ്രദേശിന് എതിരേയാണ് ബിഹാറിന്റെ ആദ്യ മത്സരം. പ്ലേറ്റ് ഘട്ടത്തിലാണ് ബിഹാറുള്ളത്.