എ.ജെ. ജോസഫ് സംഗീതപ്രപഞ്ചത്തിലെ വിസ്മയപ്രതിഭ
Thursday, August 20, 2015 1:19 AM IST
കെ.ജി. മാര്‍ക്കോസ് (പിന്നണിഗായകന്‍)
കോട്ടയം: സംഗീതലോകത്തെ പ്രതിഭാശാലിയായിരുന്നു വിടപറഞ്ഞ എ.ജെ. ജോസഫ്. അര്‍ഹിക്കുന്ന ആദരവും അംഗീകാരവും അദ്ദേഹത്തിന് കലാരംഗത്ത് ലഭിച്ചില്ല എന്നു പറയാതെ വയ്യ. നാടകട്രൂപ്പിലും പള്ളിട്രൂപ്പിലും അരങ്ങേറ്റം കുറിച്ച ജോസഫ് സംഗീതജ്ഞന്‍ മാത്രമായിരുന്നില്ല ഓര്‍ക്കസ്ട്ര ക്രമീകരണത്തിലെ വിദഗ്ധന്‍ കൂടിയായിരുന്നു. വയലിന്‍, ഗിറ്റാര്‍, ഓര്‍ഗന്‍ തുടങ്ങിയവയില്‍ ഈണം നല്കാന്‍ അസാമാന്യ പ്രാവീണ്യമുണ്ടായിരുന്നു. 1995 ജോസഫ് സംഗീതം നല്‍കിയ കാരുണ്യപ്രവാഹം എന്ന കാസറ്റില്‍ അഞ്ചു പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. എസ്. ജാനകിയും ബിജു നാരായണനുമായിരുന്നു മറ്റ് ഗായകര്‍. 2003ല്‍ നീ മാത്രമെന്‍ ആശ്രയം എന്ന ആല്‍ബത്തില്‍ ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ ടൈറ്റില്‍ ഗാനം ഉള്‍പ്പെടെ അഞ്ചു പാട്ടുകള്‍ ഞാന്‍ പാടി. സുജാതയും ക്ളെസ്ററുമായിരുന്നു മറ്റ് ഗായകര്‍. പെരുമാറ്റത്തിലും ആത്മാര്‍ഥതയിലും കാലാരംഗത്തെ വലിയ മാതൃകയായിരുന്നു ജോസഫ്. ഗായകനെന്ന നിലയില്‍ ഒട്ടേറെ വേദികളില്‍ അദ്ദേഹം സംഗീതം നല്‍കിയ സിനിമാ ഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. പാട്ട് ചിട്ടപ്പെടുത്താനും ഏറ്റവും മനോഹരമായ ഈണത്തില്‍ പാടിക്കാനും വലിയ നൈപുണ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കെ.ജെ. യേശുദാസ് മുതല്‍ ആലാപനത്തിലെ ഇളംമുറക്കാര്‍ വരെയുള്ളവരുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തി.
ക്രിസ്തീയഗാനമേളകളിലും ക്രിസ്മസ് കരോളുകളിലും മലയാളി ഏറ്റവും കൂടുതല്‍ പാടിയ പാട്ട് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ എന്നതാവും. മലയാളിയുടെ നാവിന്‍തുമ്പില്‍ മായാത്ത അനശ്വര ഗാനത്തിന് രചനയും സംഗീതവും നല്‍കിയ എ.ജെ. ജോസഫിന്റെ മാന്ത്രിക വിരലുകള്‍ നിശ്ചലമായിരിക്കുന്നു. ഒപ്പം ജോസഫ് ജീവനുതുല്യം സ്നേഹിച്ച് അനശ്വരഗാനങ്ങള്‍ക്ക് ഈണംമൂളിച്ച പിയാനോയും. ...ഒരേസ്വരം ഒരേനിറം..., ഒരു ശൂന്യസന്ധ്യാംബരം..., ആകാശഗംഗാതീരത്തിനപ്പുറം..., കാവല്‍ മാലാഖമാരെ... എന്നിങ്ങനെ മലയാളം മറക്കാത്ത ഒരു പിടി ഗാനങ്ങള്‍ ഇദ്ദേഹം സമ്മാനിച്ചു.
കുഞ്ഞാറ്റക്കിളി, കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം, കടല്‍ക്കാക്ക തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. എഴുപതുകളില്‍ എന്‍.എന്‍. പിള്ള നാടകട്രൂപ്പില്‍ ഗിറ്റാറിസ്റായ ജോസഫിന്റെ സംഗീതത്തിനു തുടക്കം. കര്‍ട്ടനു പിന്നില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ വിളിപ്പേരാണ് ഗിറ്റാര്‍ ജോസഫ്. അക്കാലത്ത് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയിലെ ഗിറ്റാറിസ്റും പിന്നീട് ക്വയര്‍ മാസ്ററുമായിരുന്നു ഇദ്ദേഹം. നാടകവും സിനിമയും കാസറ്റും പിന്നിട്ടപ്പോള്‍ വര്‍ഷങ്ങളോളം വീട്ടില്‍ ഒമാക്സ് 5 എന്ന സംഗീത സ്കൂള്‍ നടത്തി.
1986ല്‍ ഇദ്ദേഹം രചിച്ച് സംഗീതം നല്‍കി യേശുദാസും സുജാതയും ആലപിച്ച സ്നേഹപ്രതീകം എന്ന ക്രിസ്തീയ കാസറ്റ് എക്കാലത്തെയും സൂപ്പര്‍ ഹിറ്റായി. ഇതിലെ വിഖ്യാത ഗാനമാണ് യഹൂദിയായും കാവല്‍മാലാഖയുമൊക്കെ.
കെ.എസ്. ചിത്രയ്ക്ക് ആദ്യസംസ്ഥാനതലത്തില്‍ ബഹുമതി ലഭിച്ച ഒരേ സ്വരം ഒരേ നിറം, ഒരു ശൂന്യ സന്ധ്യാംബരം....(എന്റെ കാണാക്കുയില്‍) എന്ന അനശ്വര സംഗീതം ജോസഫിന്റേതാണ്.