ഉള്ളു നൽകി സ്നേഹം
Friday, March 22, 2019 12:59 AM IST
കൃപാവസന്തം-19 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ് (1 യോഹ 3:18). സ്നേഹത്തിൽ വളരുകയെന്നതാണ് നോന്പിന്റെ ശൈലി. ക്രിസ്തുവിന്റെ ജനനവും മരണവും ആഘോഷിക്കുന്ന നാം അവന്റെ ജീവിതം എത്രത്തോളം പ്രാവർത്തികമാക്കുന്നു എന്നതിനെക്കുറിച്ചു പര്യാകുലരാകണം. ദൈവം സ്നേഹമാണെന്ന് അനുഭവിച്ചേറ്റു പറഞ്ഞ പ്രേഷ്ഠ ശിഷ്യനായ യോഹന്നാൻ നൽകുന്ന നിർദേശമാണിത്.
പൊള്ളയായ വാക്കുകളില്ല, ഉള്ളു നൽകുന്ന പ്രവൃത്തികളിലൂടെ സ്നേഹിക്കുക! അവസാന തുള്ളി രക്തവും അതിനു പിന്നാലെ വന്ന ജലവും സ്നേഹത്തിന്റെ കരുണാരസമാക്കി മനുഷ്യനു തന്ന ക്രിസ്തുവാണ് സ്നേഹത്തിന്റെ പൂർണത. ആ ക്രിസ്തുവിന്റെ അനുയായികളുടെ മുഖമുദ്രയും സ്നേഹമായിരിക്കണം. സത്യത്തിലും പ്രവൃത്തിയിലുമുള്ള സ്നേഹമായിരിക്കണമത്. ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ മാതൃക അനന്യമാണ്; മേലങ്കികൾ അഴിച്ചുമാറ്റി കച്ചയണിഞ്ഞു. അപരന്റെ പാദങ്ങളോളം ശിരസ് താഴ്ത്തി. അപരനായി ബലിയായി. അവന്റെ ഒട്ടിയ വയറിൽ അപ്പമായി വിളന്പപ്പെട്ടു. വാക്കുകൾപ്പുറംപോന്ന സ്നേഹത്തിന്റെ സവിശേഷതകൾ! ഇതുതന്നെയാണ് ഒരു ക്രിസ്തുശിഷ്യന്റെ ജീവിത പ്രമാണവും. ഇവ നിന്റെ നോന്പിന്റെ ശീലങ്ങളാക്കിയിട്ടില്ലെങ്കിൽ ക്രിസ്തുവിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്നറിയുക.
നിർധനരും നിസ്വരും നിന്ദിതരും വസിക്കുന്നിടത്തു വിഹരിക്കുന്ന അങ്ങയുടെ അരികിൽ എന്റെ അഹന്തയ്ക്ക് എത്തിച്ചേരാനായില്ല എന്നു മനംനൊന്തു പശ്ചാത്തപിക്കണം നീ. ടെക്സ്റ്റ് മെസേജുകൾക്കപ്പുറം ബന്ധങ്ങൾ പോലും ശൂന്യമായിക്കൊണ്ടിരിക്കുകയാണിന്ന്. വാക്കുകൾക്ക് ആത്മാവ് നഷ്ടപ്പെടുന്നു. സംസാരങ്ങൾക്കു പോലും ഒരുതരം പ്ലാസ്റ്റിക് ചുവ. ഇവിടെയാണ് ആത്മദാനമാണ് സ്നേഹമെന്നു ക്രിസ്തു പഠിപ്പിച്ചത്. അവനെ പിന്തുടർന്നവരാണ് അനശ്വരരായത്.
ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഭാര്യയെയും മൂന്നു കുട്ടികളെയും കണ്മുന്നിലിട്ടു വെട്ടി നുറുക്കിയവർക്കെതിരേ കേസു കൊടുക്കാൻ പറഞ്ഞപ്പോൾ കന്തമാലിലെ (ഒറീസ) ആ സഹോദരൻ പറഞ്ഞതിങ്ങനെ: ‘ദ്രോഹിച്ചവരോടു ക്ഷമിക്കാനാണ് എന്റെ ക്രിസ്തുനാഥൻ പറഞ്ഞതെങ്കിൽ ഞാനെന്തിനു മറിച്ചുചിന്തിക്കണം?’ സ്നേഹം പ്രവൃത്തിയാണ്, വാക്കുകൾ മാത്രമല്ലെന്ന് എനിക്കും നിനക്കും അറിയാമായിരുന്നിട്ടും അതിനു സാധിക്കാത്തതിനു കാരണം ക്രിസ്തുവിന്റെ ജനന മരണങ്ങൾ ആഘോഷിക്കുന്ന നീ അവന്റെ ജീവിതത്തെ ഗൗരവമായി എടുക്കാത്തതാണ്. സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗഗേഹം പണിയും പടുത്വം (കുമാരനാശാൻ).