ശബരിമല മുൻനിർത്തിയുള്ള പ്രചാരണം: കെ. സുരേന്ദ്രനെതിരേ എൽഡിഎഫിന്റെ പരാതി
Friday, April 19, 2019 12:05 AM IST
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ശബരിമല അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്ത് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ നേരിട്ടു വോട്ട് അഭ്യർഥിക്കുന്നതായി എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് എൻഡിഎ സ്ഥാനാർഥിയുടെ പെരുമാറ്റം. അയ്യപ്പന്റെ മണ്ണിൽ മറ്റാർക്കും പ്രവേശനമില്ലെന്നും ഇവിടെ താമരയ്ക്കു മാത്രമായിരിക്കും വോട്ടെന്ന് ഉറപ്പാക്കണമെന്നുമുള്ള തരത്തിൽ സ്ഥാനാർഥിതന്നെ പ്രസംഗിക്കുന്നതു നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. നേരത്തെയും സുരേന്ദ്രനെതിരേ ഇത്തരം പരാതികൾ എൽഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാൽ, ഇതിന്മേൽ എന്തെങ്കിലും നടപടിയെടുക്കാൻ ജില്ലാ വരണാധികാരിയോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയാറായില്ല.
ജാതീയവും മതപരവുമായി വോട്ടർമാരെ വേർതിരിച്ചാണു പ്രചാരണമെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.പി. ജയൻ, സെക്രട്ടറി കെ. അനന്തഗോപൻ എന്നിവർ ആരോപിച്ചു.