വിജയരാഘവനു താക്കീതു മാത്രം; മീണയ്ക്കെതിരേ പരാതിയുമായി അനിൽ അക്കര എംഎൽഎ
Sunday, April 21, 2019 3:31 AM IST
തൃശൂർ: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരേ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ നടത്തിയ പരാമർശം സംബന്ധിച്ച കേസിൽ വിജയരാഘവനു താക്കീത് നല്കിയാൽ മതിയെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിനെതിരേ അനിൽ അക്കര എംഎൽഎ ഡിജിപിക്കു പരാതി നൽകി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി താക്കീതു നൽകി ഒത്തുതീർപ്പാക്കിയതിനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര ഡിജിപിക്കു പരാതി നൽകിയത്. മോശം പരാമർശത്തിനെതിരേ രമ്യ ആലത്തൂരിലെ കോടതിയിൽ ഹർജി നൽകിയിരിക്കേയാണ് തെരഞ്ഞെടുപ്പ് ഓഫീസർ താക്കീതുമാത്രം മതിയെന്ന നിലപാടെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്നു ബോധ്യപ്പെട്ടാൽ പരാതി മജിസ്ട്രേറ്റിനോ പോലീസിനോ കൈമാറണമെന്ന നിയമവും സുപ്രീംകോടതി വിധിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പാലിച്ചില്ലെന്നും താക്കീതു നൽകി പരാതി ഒത്തുതീർപ്പാക്കാൻ ടിക്കാറാം മീണയ്ക്ക് അധികാരമില്ലെന്നും പരാതിയിലുണ്ട്. ഹൈക്കോടതിയിലും പരാതി നൽകുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് അനിൽ അക്കര പറഞ്ഞു.
ഇതിനു പുറമെ, രമ്യ ഹരിദാസിനെ തൃശൂർ ശ്രീകേരളവർമ കോളജിലെ അധ്യാപിക ദീപ നിശാന്ത് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ അനിൽ അക്കര തൃശൂർ വെസ്റ്റ് സ്റ്റേഷനിലെത്തി മൊഴി നൽകി.