ഭൂമി വിണ്ടുകീറൽ നീർച്ചാൽ അടഞ്ഞതു മൂലമെന്നു നിഗമനം
Monday, August 19, 2019 12:32 AM IST
വണ്ടിപ്പെരിയാർ: വികാസ് നഗറിനു മുകളിലായി എസ്റ്റേറ്റ് വക സ്ഥലം വിണ്ടുകീറിയ പ്രതിഭാസം ജില്ലാ ജിയോളജിസ്റ്റ് ഡോ. അജിത് കുമാർ പരിശോധിച്ചു. ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യമാണ് കാണുന്നതെന്നും നീർചാലുകൾ അടഞ്ഞതാണ് ഭൂമി വിണ്ടുകീറാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞതിനാൽ മാത്രമാണ് അപകടം ഒഴിവായത്.
വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിനോടു ചേർന്നുള്ള എസ്റ്റേറ്റ് സ്ഥലത്താണ് കഴിഞ്ഞ ദിവസം ഭൂമി വിണ്ടുകീറുന്നതായി കണ്ടെത്തിയത്. പരിശോധനയിൽ വികാസ് നഗർ സ്ഥിതിചെയ്യുന്ന സ്ഥലത്തിനു മുകളിലായുള്ള കുന്നിൽനിന്നു നീരൊഴുക്ക് ഉണ്ടായിരുന്നെന്നും കോണ്ക്രീറ്റ് ചെയ്തതു മൂലവും പ്രകൃതിപരമായ പ്രതിഭാസം മൂലവും നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണെന്നും കണ്ടെത്തി. ഈ അവസ്ഥയിൽ ഭൂമിയുടെ ഏറ്റവും മുകളിലെ ഭാഗം ആർച്ച് രൂപത്തിൽ അഞ്ചടി താഴ്ചയിൽ വിണ്ടുകീറിയ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മഴ തുടരുകയാണെങ്കിൽ ഇതിലേക്കു വെള്ളം ഇറങ്ങി ഉരുൾപൊട്ടൽ ഉണ്ടാകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി ഈ ഭാഗത്തു താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്നു പീരുമേട് തഹസിൽദാർക്കു റിപ്പോർട്ടുനൽകി. വികാസ് നഗറിൽ താമസിക്കുന്ന ആളുകൾ ബന്ധുവീടുകളിലും മറ്റും മാറി താമസിക്കുകയുംചെയ്തു.
കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തു താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്കു ജാഗ്രതാനിർദേശം നൽകി കൊണ്ടുള്ള നോട്ടീസ് നൽകിയിരുന്നു. മഴ മാറാതെ നിൽക്കുന്നതാണ് ജനങ്ങളിലും അധികൃതരിലും ആശങ്ക നിറച്ചിരിക്കുന്നത്.