സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിച്ചാൽ പരിഗണിക്കുമെന്ന് വി. മുരളീധരൻ
Tuesday, August 20, 2019 1:07 AM IST
കോട്ടയം: പ്രളയനഷ്ടത്തെപ്പറ്റി സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിച്ചാൽ പരിഗണിക്കുമെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രമന്ത്രിയായശേഷം ആദ്യമായി കോട്ടയത്തെത്തിയ വി. മുരളീധരൻ നാട്ടകം ഗസ്റ്റ് ഹൗസിൽ ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
പ്രകൃതി ദുരന്തങ്ങളുണ്ടായാൽ ദുരന്തങ്ങളെ സംബന്ധിച്ചു ബന്ധപ്പെട്ട സംസ്ഥാനം കേന്ദ്രസർക്കാരിനു നഷ്ടത്തിന്റെ വിശദാംശങ്ങൾ തയാറാക്കി സമർപ്പിക്കണം. സംസ്ഥാന മന്ത്രിമാരുടെ ഒരു സംഘത്തെയും ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥന്മാരുടെ മറ്റൊരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിനുശേഷം ഏതൊക്കെ വകുപ്പുകളിൽപ്പെടുന്ന വിഷയങ്ങളാണെന്നു പരിശോധിക്കും. ഇതിനായി കേന്ദ്രസർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥന്മാരടങ്ങുന്ന സംഘം കേരളം സന്ദർശിക്കും.