കാഷ്മീർ വിഭജനത്തിൽ കൈയടിച്ചവർ വീണ്ടുവിചാരം നടത്തണം : ആന്റണി
Wednesday, August 21, 2019 6:07 AM IST
തിരുവനന്തപുരം: കാഷ്മീർ വിഭജനത്തിൽ കൈയടിച്ചവർ വീണ്ടു വിചാരം നടത്തണമെന്നു കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി.
കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആന്റണി.
വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണു മോദി സർക്കാർ നടത്തുന്നത്. ഒരു ഭരണാധികാരിയെന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ രാജീവ് ഗാന്ധിയുടെ ഭരണപാടവം മോദി മനസിലാക്കുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് കൂടുതൽ കിട്ടാൻ വേണ്ടിയാണു കേന്ദ്ര സർക്കാർ രാജ്യതാത്പര്യം ബലികഴിക്കുന്നത്. ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസിന്റെ അജൻഡ നടപ്പിലാക്കാനാണു നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും എ.കെ. ആന്റണി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെപിസിസി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസൻ മറ്റു നേതാക്കളായ എൻ.ശക്തൻ, തന്പാനൂർ രവി, ടി.ശരത്ചന്ദ്രപ്രസാദ്, വി.എസ്.ശിവകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് നെയാറ്റിൻകര സനൽ എന്നിവരും പ്രസംഗിച്ചു.