സംസ്കാരച്ചടങ്ങിൽ മേലുദ്യോഗസ്ഥർ എത്തിയില്ല
Thursday, August 22, 2019 12:21 AM IST
ആലുവ: മാതൃകാ പോലീസുകാരൻ എന്ന് മേലധികാരികൾ പ്രശംസിച്ചിട്ടുള്ള എഎസ്ഐ പി.സി. ബാബുവിനെ സംസ്കാരച്ചടങ്ങിലും അപമാനിച്ചതായി ആക്ഷേപം. മൃതദേഹം തടിയിട്ടപറമ്പ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചപ്പോൾ മേലുദ്യോഗസ്ഥരാരും എത്തിയില്ല.
ആംബുലൻസിന് പൈലറ്റ് വന്ന ഒരു എസ്ഐ ഒഴിച്ചാൽ ഒരു ഓഫീസർമാർപോലും മൃതദേഹത്തെ അനുഗമിക്കാതിരുന്നതു പോലീസുകാർക്കിടയിൽ വൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഓഫീസർമാർ എസ്പിയുടെ കോൺഫറൻസിൽ ആണെന്നായിരുന്നു വിശദീകരണം.
രാവിലെ ഏഴിന് സ്റ്റേഷനിലെത്തി രാത്രി ഒന്പതു വരെ ജോലി നോക്കാൻ ബാബുവിന് മടിയുണ്ടായിരുന്നില്ല. കേസുകൾ എഴുതുന്നതിലും അന്വേഷണ മികവിലും കംപ്യൂട്ടർ പരിജ്ഞാനത്തിലും എന്നും ഒരു മാതൃകയായിരുന്നു ബാബുവെന്ന് ഇദ്ദേഹത്തിന്റെ സഹപ്രവർത്തരും പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് പുതിയ എസ്ഐ തടിയിട്ടപ്പറമ്പ് സ്റ്റേഷനിൽ എത്തുന്നത്. അന്നു മുതൽ ബാബുവിനോട് വളരെമോശമായ പെരുമാറ്റമായിരുന്നുവത്രെ എസ്ഐയുടേത്. ഒരു മാസം മുമ്പ് ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് സ്റ്റേഷനു പുറത്ത് പൊതുജനങ്ങളുടെ മുന്നിൽ വച്ച് ബാബുവിനെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഇതേത്തുടർന്നു ബാബു എസ്ഐയുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല.
ട്രാൻസ്ഫർ വാങ്ങി സ്റ്റേഷൻ മാറുന്നത് സംബന്ധിച്ച ആലോചനയുമുണ്ടായിരുന്നു. എറണാകുളം ടൗണിലടക്കം ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ജോലിചെയ്തുള്ള പരിചയവും ഇദ്ദേഹത്തിനുണ്ട്. മൂന്ന് വർഷം മുമ്പാണ് തടിയിട്ടപറമ്പിൽ എത്തിയത്. സ്റ്റേഷൻ റൈറ്ററായി ഇവിടെ ജോലി നോക്കുകയും ചെയ്തിരുന്നു.