ജീപ്പ് അപകടം: ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു; മരിച്ചവരുടെ എണ്ണം നാലായി
Tuesday, September 17, 2019 11:31 PM IST
രാജകുമാരി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ തമിഴ്നാട് ചുരംപാതയിലെ പുലിക്കുത്തിനു സമീപം ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. ബോഡി സ്വദേശിനി നൂർജഹാനാ (52) ണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. എട്ടു പേർ അതീവ ഗുരുതരാവസ്ഥയിൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബോഡിനായ്ക്കന്നൂർ സ്വദേശികളായ കണ്ണൻ (40), ധനലക്ഷ്മി (45) എന്നിവർ സംഭവസ്ഥലത്തും മുന്തൽ സ്വദേശിനി അന്നക്കിളി (68) ആശുപത്രിയിലും മരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നൂർജഹാൻ ഇന്നലെ രാവിലെ ഏഴോടെയാണു മരിച്ചത്.
പരിക്കേറ്റവരിൽ ഒരാൾ മധുര മെഡിക്കൽ കോളജ് ആശുപത്രിയിലും 18 പേർ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു തൊഴിലാളുകളുമായി തമിഴ്നാട്ടിലേക്കു പോയ ജീപ്പ് കാറ്റാടിപ്പാറയ്ക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞത്. കൊടുംവളവിൽ നൂറടിയോളം താഴെ റോഡിലേക്കു മറിഞ്ഞ വാഹനം പൂർണമായി തകർന്നു. 23 പേർ വാഹനത്തിൽ ഉണ്ടായിരുന്നതായാണു സ്ഥിരീകരണം.