സദാചാര ഗുണ്ടായിസവും സംഘർഷവും; ഒരാൾകൂടി അറസ്റ്റിൽ
Tuesday, September 17, 2019 11:40 PM IST
തൊടുപുഴ: നഗരത്തിൽ സദാചാര ഗുണ്ടായിസത്തെത്തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. പെണ്‍കുട്ടിയുടെ സുഹൃത്ത് അച്ചൻകവല ചിറയത്ത് വിനു പ്രകാശനെ(20)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സദാചാര ഗുണ്ടാ സംഘത്തിൽപ്പെട്ട മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി(27)യെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് വിനുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ റിമാൻഡിലായവരുടെ എണ്ണം മൂന്നായി.
മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുന്പിള്ളിച്ചിറ കരിന്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
തോളിൽ കുത്തേറ്റു കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന ലിബിൻ ബേബിയെയും ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം പതിനേഴുകാരിയായ പെണ്‍കുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നതു കണ്ട ലിബിനും ശ്യാംലാലും അനന്തുവും മദ്യലഹരയിൽ സദാചാര പോലീസ് ചമഞ്ഞു ചോദ്യം ചെയ്യുകയും ഇതു സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.