കിഫ്ബി: സിഎജി ഓഡിറ്റിംഗ് ഇല്ലെന്ന ആരോപണം ശരിയല്ലെന്നു മുഖ്യമന്ത്രി
Wednesday, September 18, 2019 12:11 AM IST
തിരുവനന്തപുരം: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിംഗ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതിനാൽ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിംഗിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കിഫ്ബി ആക്ട് 1999ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് എല്ലാ വർഷവും ജൂലൈ അവസാനത്തിനു മുന്പ് സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്കും നിയമസഭയിൽ സമർപ്പിക്കണം. കിഫ്ബി ആക്ടിലെ വകുപ്പ് മൂന്നു പ്രകാരം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്കീം രൂപീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സ്കീമിന്റെ ചട്ടം 16(6) പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത റിപ്പോർട്ട് ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും സിഎജിക്കും അഭിപ്രായത്തിന് അയയ്ക്കേണ്ടതാണ്. 2016ൽ കിഫ്ബി ആക്ട് ഭേദഗതി ചെയ്തപ്പോൾ 16-ാം വകുപ്പിന് ഒരു ഭേദഗതിയും വരുത്തിയില്ല. മാത്രമല്ല 3(8) എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇതനുസരിച്ച് ഫണ്ടിന്റെ സ്രോതസും വിനിയോഗവും സംബന്ധിച്ച് നിയമസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ട് ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മീഷൻ സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്.